പി വി അൻവർ എം എൽ എ യുടെ പാർക്ക് തുറക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള നദീ സംരക്ഷണ സമിതി. കേസ് ഹൈക്കോടതിയിലിരിക്കെ സർക്കാർ പാർക്ക് തുറക്കാൻ അനുമതി നൽകിയതിനെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി നേരത്തെ തടയണ പൊളിക്കാൻ ഉത്തരവിട്ടിരുന്നു. കക്കാടംപൊയില്‍ ഉരുള്‍പൊട്ടല്‍ മേഖലയായതിനാല്‍ അപകട സാധ്യത കൂടുതലാണ്. ഈ കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പാർക്ക് തുറക്കാൻ അനുമതി നല്‍കിയതെന്നും കേരള നദീ സംരക്ഷണ സമിതി ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടി. മണ്ണിന്റെ ഉറപ്പ് പരിശോധിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് ഉടമയെ സഹായിക്കാന്‍ വേണ്ടിയെന്നും കേരള നദീ സംരക്ഷണ സമിതി ആരോപണമുയര്‍ത്തി.
ഇന്നലെയാണ് കോഴിക്കോട് കക്കാടം പൊയിലിലെ പി വി അന്‍വറിന്റെ പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ കുട്ടികളുടെ പാര്‍ക്കാകും തുറക്കുക. പ്രദേശത്ത് അപകടസാധ്യതയില്ലെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

