സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്ത കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും ചോദിച്ചു.തെരഞ്ഞെടുപ്പിൽ യുഡിഎഫ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ഹസ്സൻ പറഞ്ഞു. ഒരു കാലത്തും ഇല്ലാത്ത രീതിയിലാണ് പ്രവർത്തനങ്ങൾ നടന്നത്. ഈ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമുണ്ടാകും. മോദിക്കും പിണറായിക്കുമെതിരെ തരംഗം കേരളത്തിൽ അലയടിക്കുന്നുണ്ട്. തെരെഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലായി കാണാൻ പിണറായിക്ക് കഴിയുമോ? ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നതാണ് അവസാന നിമിഷം സിപിഎമ്മിനോടും പിണറായിയോടും ചോദിക്കാനുള്ളതെന്നും ഹസ്സൻ പറഞ്ഞു.വോട്ടിടാൻ പോകുന്നവർ ജനങ്ങളോട് കേന്ദ്രം ചെയ്ത വാഗ്ദാന ലംഘനങ്ങൾ മറക്കരുതെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി നിരവധി കളളങ്ങൾ പ്രചരിപ്പിച്ചു. ആ കള്ളങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ തെളിവുകൾ അയച്ചു. ആര്‍എസ്എസുകാര്‍ക്ക് വേണ്ടി കേസുകൾ അട്ടിമറിച്ചു. 300 കോടി രൂപ കരുവന്നൂരിൽ സിപിഎം കൊള്ളയടിച്ചു. എന്നിട്ട് എല്ലാം നോര്‍മലാണെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കും സിപിഎം അനുമതി നൽകി. ബിജെപി തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. കോൺഗ്രസ് 100 തികയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെയാണ് ബിജെപിയും മുഖ്യമന്ത്രിയും സംസാരിക്കുന്നത്. എല്ലാ പ്രസ്താവനകളും ഒരേ സ്ഥലത്താണ് തയ്യാറാക്കുന്നത്. അൻവറിന്റെ പ്രസ്താവന പോലും മുഖ്യമന്ത്രി പിന്താങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്ത് 20 ൽ 20 സീറ്റും നേടുമെന്ന് സതീശൻ പറഞ്ഞു. തൃശൂരിൽ ത്രികോണമത്സരമാണ് നടക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടമാണ്. യുഡിഎഫിന് വൻ വിജയം ഉണ്ടാകും. ഏതെങ്കിലും തരത്തിൽ തോൽവിയുണ്ടായാൽ ഉത്തരവാദിത്വം തനിക്കായിരിക്കും. കണ്ണൂരിൽ കെ സുധാകരൻ ജയിക്കും. ബിജെപിയിൽ ചേര്‍ന്ന അദ്ദേഹത്തിന്റെ മുൻ പിഎയെ നേരത്തെ പറഞ്ഞുവിട്ടതാണ്. പിന്നെ എവിടെ പോയാലും എന്താണെന്നും അദ്ദേഹം ചോദിച്ചു.മാസപ്പടിയിൽ മുഖ്യമന്ത്രിക്ക് ബിജെപി പേടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മോദിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുലിനെതിരെ പറയുന്നത്. ശശി തരൂർ പന്യനെതിരെ പറഞ്ഞത് വർഗീയക്കെതിരായ വോട്ടുകൾ ഭിനിക്കാതിരിക്കാനാണ്. ഇടതുപക്ഷത്തിന് തിരുവനന്തപുരത്ത് വോട്ട് കുറവാണ്. തൃശൂർ പൂരം അലങ്കോലമാക്കി വർഗീയ ധ്രുവീകരണമുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഒരു കമ്മീഷണർ അഴിഞ്ഞാടിയിട്ടും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലേ? ശോഭ സുരേന്ദ്രൻ പറഞ്ഞ ആരോപണം അവർ തെളിയിക്കട്ടെ. സി പി എമ്മിൽ നിന്നാണ് കൂടുതൽ പേർ ബിജെപിയിൽ ചേർന്നത്. പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് വിശ്വനാഥ മോനോനും കണ്ണന്താനവും ബിജെപിയിൽ ചേർന്നത്. ദില്ലി ഗവണറുടെ സന്ദർശനം ചട്ടവിരുദ്ധമാണ്.സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കേണ്ടതാണ് ഈ വിഷയമെന്നും അദ്ദേഹം പറഞ്ഞു.