ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ എല്ലാ ജില്ലകളിലും ഫ്ലാറ്റ് മോഡൽ ഭവന സമുച്ചയം നിർമിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു .എടച്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി വീടുകളുടെ താക്കോൽ കൈമാറ്റം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് ഭവനപദ്ധതി രണ്ടാം ഘട്ടത്തിൽ പൂർത്തീകരിച്ച 37 വീടുകളുടെ താക്കോൽദാനമാണ് മന്ത്രി നിർവഹിച്ചത്.
സർവതല സ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത് ലൈഫ് പദ്ധതി പ്രകാരം കേരളത്തിൽ ഇതിനകം ഒരുലക്ഷത്തി മുപ്പതിനായിരത്തി മുന്നൂറ്റി എഴുപത്തി അഞ്ച് വീടുകളാണ് പൂർത്തീകരിച്ചത് .ഇത്തരം വസ്തുതകളെ മറച്ചുവെച്ച് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത സമൂഹത്തിൽ പ്രചരിക്കുന്നുണ്ട് ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
മുൻ കാല ഭവന പദ്ധതികളിൽ ധനസഹായം അനുവദിക്കുകയും നിർമാണം തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാൽ പൂർത്തിയാകാത്ത വീടുകളുടെ പൂർത്തീകരണത്തിനാണ് ലൈഫ് ഭവനപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ എടച്ചേരി പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. പഞ്ചായത്തിൽ എട്ട് വീടുകളാണ് ഇത്തരത്തിൽ പൂർത്തീകരിക്കാൻ ഉണ്ടായിരുന്നത്.
പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇ.കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി മോഹൻരാജ് പി.പി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ ശൈലജ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ടി കെ ലിസ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി കെ ടി കെ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ഗംഗാധരൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു .