

മലപ്പുറം:രണ്ടാം റൌണ്ട് വോട്ടെണ്ണലിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. 1412 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. ആദ്യം എണ്ണിയത് വഴിക്കടവിലെ തണ്ണിക്കടവ് എയുപി സ്കൂളിലെ ബൂത്ത് ഒന്നിലെ വോട്ടുകളാണ്. ഷൗക്കത്ത് ആദ്യ റൗണ്ടിൽ ലീഡ് നേടിയതോടെ ലീഗ് പ്രവർത്തകർ പതാകകളുമായി ആഹ്ലാദ പ്രകടനം നടത്തി. ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമത്.
ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
75.27% ആയിരുന്നു പോളിങ്. 1,74,667 പേര്‍ വോട്ടു ചെയ്തു. മണ്ഡലത്തിൽ ചരിത്രത്തിൽ ഇത്രയും കൂടുതല്‍പേർ വോട്ടു ചെയ്യുന്നത് ആദ്യം. 1500നടുത്ത് പോസ്റ്റൽ വോട്ടുകളുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് 12,631 സ്ത്രീകൾ അധികമായി വോട്ടു ചെയ്തത് അടിയൊഴുക്കുകളുടെ സൂചനയായി കാണുന്നവരുണ്ട്. 8,000 വോട്ടിനു ജയിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. അത് 25,000 വോട്ടുവരെ പോകുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയത്. വോട്ടു വിഹിതം വർധിപ്പിക്കാനാകുമെന്ന് എൻഡിഎയും കണക്കുകൂട്ടുന്നു.
25,000–30,000 വോട്ടുവരെ പിടിക്കുമെന്നു പി.വി.അൻവർ ക്യാംപ് പറയുന്നുണ്ടെങ്കിലും പരമാവധി 15,000 ആണ് മുന്നണികൾ കണക്കുകൂട്ടുന്നത്. അത് ആരെ ബാധിക്കുമെന്നതിൽ വ്യക്തതയില്ല.