സംസ്ഥാനത്ത് ലോക്ക് ഡൗൺ സാഹചര്യത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ നിലവിലെ സാഹചര്യം വിലയിരുത്തി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ പ്രത്യേക പരമ്പരയുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗമാണിത്. ഈ പരിപാടിക്കായി ഞങ്ങളോട് സഹകരിച്ച മുഴുവൻ മാധ്യമ പ്രവർത്തകർക്കും കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ നന്ദി അറിയിക്കുന്നു. ഇന്ന് ” കോവിഡ് കാലവും മാധ്യമ പ്രവർത്തനവും” എന്ന വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവ്, ജന്മഭൂമി എഡിറ്റർ കെ എൻ ആർ നമ്പൂതിരി, ദീപിക ചീഫ് എഡിറ്റർ ഫാദർ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരാണ്. കുന്ദമംഗലം ന്യൂസ് ഡോട് കോം സിബ്ഗത്തുള്ള തയ്യാറാക്കിയ റിപ്പോർട്ട്.
കോവിഡ് കാലത്ത്
ഒരു ടെലിവിഷൻ സംസ്കാരം തന്നെ രൂപപ്പെട്ടു
ഉണ്ണി ബാലകൃഷ്ണൻ
ചീഫ് ഓഫ് ന്യൂസ്
മാതൃഭൂമി
രാജ്യത്തും സംസ്ഥാനത്തും ഏറ്റവും അധികം ആളുകൾ വാർത്തകൾ അറിയാൻ ദൃശ്യമാധ്യമങ്ങളെ ആശ്രയിച്ച ഘട്ടമാണ് ഈ കോവിഡ് കാലം. ഈ കാലത്ത് ഒരു ടെലിവിഷൻ സംസ്കാരം തന്നെ രൂപപ്പെട്ടിട്ടുണ്ട്. നിലവിൽ പ്രേക്ഷരുടെ എണ്ണത്തിൽ വൻ വർധനവാണ് കാണാൻ സാധിക്കുന്നത്. അതിനു കാരണം ജനങ്ങൾ വീട്ടിലിരിക്കുന്നു എന്നത് തന്നെയാണ്. സാധാരണ ചാനലുകളുടെ റേറ്റിംഗ് ഉയരുന്നത് ഇലെക്ഷൻ സമയങ്ങളിലാണ്. ജനങ്ങൾ മുഴുവൻ തിരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്ന സമയം വലിയ രീതിയിൽ റേറ്റിംഗുകൾ ഉയരും. എന്നാൽ അതിനേക്കാൾ ഇരട്ടിയിൽ അധികമായിരുന്നു നിലവിലെ കോവിഡ് കാലത്തെ കാഴ്ചക്കാരിലെ വർധനവ്. നിലവിലെ അവസ്ഥ വളരെ മോശമാണെങ്കിലും ഒരു പ്രതിസന്ധിഘട്ടമുണ്ടായപ്പോൾ ആളുകൾ മാധ്യമങ്ങളെ വീക്ഷിച്ചു എന്നത് ഒരു പോസിറ്റീവായിട്ടുള്ള കാര്യം തന്നെയാണ്.
രണ്ടാമത്തെ പോസിറ്റീവ് ആയ കാര്യം എന്നത്. നിലവിൽ ആളുകൾക്ക് വാർത്ത അറിയാൻ നിരവധി സ്രോതസ്സുകൾ ഉണ്ടായിട്ട് പോലും മറ്റെല്ലാ മാധ്യമങ്ങളേക്കാൾ കൂടുതൽ ടെലിവിഷനെ ആശ്രയിച്ചു എന്നുള്ളതാണ്. വാർത്ത കൃത്യമായി അറിയാനുള്ള മാധ്യമങ്ങളായി ടെലിവിഷനെയും പത്രങ്ങളേയും ആളുകൾ കണ്ടു. അതേ സമയം ഇന്ന് പ്രശ്നമായി കാണുന്നത് സാമ്പത്തികമായുള്ള തിരിച്ചടിയാണ്. അത് മാധ്യമങ്ങളെ മാത്രമല്ല , ഇവിടെ തുണിഷോപ്പുകൾ തുറന്നിട്ടില്ല, വർക്ക് ഷോപ്പുകൾ,തുറന്നിട്ടില്ല, ജ്വല്ലറികൾ തുറന്നിട്ടില്ല, തുടങ്ങി എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും ഒപ്പം സാധാ ദിവസേന തൊഴിലെടുത്ത് ജീവിക്കുന്ന ജനവിഭാഗങ്ങളെയും വരെ ബാധിച്ച പ്രശ്നമാണ്.
എന്നാൽ ആയുഷ്ക്കാലം മുഴുവൻ തുടരുന്ന ഒരു പ്രതിസന്ധിയായി ഞാനിതിനെ കാണുന്നില്ല. ഇത് നമ്മൾ കടന്നു പോകുന്ന സാഹചര്യത്തിൽ വന്നൊരു ദുരന്തം. അതിനെ അതിജീവിക്കാവുന്നതേയുള്ളു എന്നാണ് എന്റെ നിലപാട്. കോവിഡിന് നമ്മൾ എന്തിന് ഇത്രമാത്രം പ്രാധാന്യം നൽകണം? മുൻപ് 2018ൽ ഓഗസ്റ്റിൽ ഇവിടെ പ്രളയം വന്നു അതിനുശേഷം 2019 ൽ അത് വീണ്ടും ആവർത്തിച്ചു. ഓണക്കാലത്തിനു തൊട്ടു മുൻപായി വന്ന ഈ ദുരന്തങ്ങൾ അന്ന് മീഡിയകൾക്കു വലിയ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിച്ചത്. കാരണം ഏറ്റവും അധികം പരസ്യം ലഭ്യമാകുന്ന സീസൺ ആണ് ഇതോടെ നഷ്ടമായത്. എന്നാൽ അത് കൊണ്ട് ഏതെങ്കിലും ഒരു പത്ര സ്ഥാപനമോ ദൃശ്യമാധ്യമങ്ങളോ പൂട്ടി പോയിട്ടില്ല. ഇപ്പോൾ ഉണ്ടായ പ്രതിസന്ധിയും ചെറുതല്ല പക്ഷെ അതിനെ തരണം ചെയ്യാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. രണ്ടു മാസങ്ങൾ കൂടി കഴിഞ്ഞാൽ കമ്പോളങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കാൻ തുടങ്ങും, ജനജീവിതം പഴയത് പോലെ ആയി മാറും. സ്വാഭാവികമായി വിപണിയിൽ ഉത്പന്നങ്ങളുടെ മത്സരങ്ങൾ ഉണ്ടാവും. അതിന്റെ ഭാഗമായി പരസ്യങ്ങളും ലഭ്യമാകും. ആ രീതിയിൽ പ്രതിസന്ധികളെ മാധ്യമ സ്ഥാപനങ്ങൾക്കു മറികടക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.
കോവിഡ് പ്രതിസന്ധി കൂടുതലായി ബാധിക്കുക
സ്വതന്ത്ര ചിന്തകരായ
ചെറുകിട മാധ്യമ സ്ഥാപനങ്ങളെ
പി രാജീവ്
ദേശാഭിമാനി
ചീഫ് എഡിറ്റർ
ലോകത്ത് ഉല്പാദന ചിലവിനേക്കാൾ വില കുറച്ച് വിൽക്കുന്ന ഒരു ഉല്പന്നമേയുള്ളു അത് പത്രങ്ങളാണ്. അത് കൊണ്ട് തന്നെ നില നിന്ന് പോകാൻ പരസ്യങ്ങളേ ആശ്രയിക്കുന്നു. അതിൽ വലിയ രീതിയിലുള്ള കുറവ് നിലവിലെ സാഹചര്യത്തിൽ ഉണ്ടായിട്ടുണ്ട്. പല പത്രങ്ങളും പേജുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. ഞങ്ങളും ഇപ്പോൾ പത്രത്തിന്റെ പേജുകളുടെ എണ്ണത്തിൽ നിന്നും കുറച്ചു കൊണ്ടാണ് മുൻപോട്ട് പോകുന്നത്. നിലവിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള ചില സപ്ലിമെന്റുകൾ പത്രത്തോടൊപ്പം നൽകുന്നില്ല. പകരം അതിന്റെ ക്യു ആർ കോഡ് നൽകി ഓൺലൈൻ മുഖേന വായിക്കാനുള്ള സൗകര്യം ഒരുക്കുകയാണ്.
വൻകിട മാധ്യമങ്ങൾ എല്ലാം കോർപ്പറേറ്റുകളുടെ കീഴിൽ ആയതു കൊണ്ട് ഈ പ്രതിസന്ധി അവരെക്കാൾ കൂടുതലായി ബാധിക്കുക സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചെറുകിട മാധ്യമങ്ങളെ ആയിരിക്കും. പ്രതിസന്ധി ഉണ്ടെങ്കിലും നിലച്ചു പോകുമെന്ന് പറയാൻ കഴിയില്ല. മാധ്യമങ്ങൾ ഈ നാടിൻറെ തന്നെ ആവിശ്യകതയാണല്ലോ . ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. സംസ്ഥാന സർക്കാർ പരസ്യത്തിന്റെ ഭാഗമായുള്ള കുടിശ്ശിക അല്പമായി തന്നു തുടങ്ങിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ന്യൂസ് പ്രിന്റ് ലഭ്യമല്ല. അത് പുറത്ത് നിന്ന് വരേണ്ടതാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും ഇളവ് ലഭ്യമാക്കേണ്ടതാണ്. ന്യൂസ് പ്രിന്റിന്റെ കാര്യത്തിൽ കഴിഞ്ഞ ബഡ്ജറ്റിൽ കേന്ദ്രം നികുതി കൂട്ടി പിന്നീട് ഈ അടുത്തായി അല്പം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ സർക്കാർ ഇനിയും ഇടപടേതുണ്ട്.
ഈ കോവിഡ് കാലത്ത് പത്രത്തിലൂടെ വൈറസ് പടരുമെന്ന ചില കുപ്രചാരണ ഉണ്ടായിരുന്നു. പക്ഷെ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട് നിലവിൽ അത്തരം ആശങ്കകൾ ഒന്നും തന്നെയില്ല. ആളുകൾ വീടുകളിൽ തന്നെ ഇരിക്കുന്നത് കൊണ്ട് റീഡർഷിപ്പ് വർധിച്ചിട്ടുണ്ട്. എല്ലാ മാധ്യമങ്ങളും നിലവിലെ സാഹചര്യത്തെ ഗൗരവം പൂർവ്വം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇത്തരം പ്രവർത്തനം സഹായകരവുമാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴി പല തരത്തിലുള്ള തെറ്റായ വാർത്തകൾ വരുമ്പോൾ ജനങ്ങൾ വാർത്തയുടെ ആധികാരിതയ്ക്ക് വേണ്ടി പത്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉത്തരവാദിത്തോടെ വാർത്തകൾ നല്കാൻ പത്രങ്ങൾക്കും കഴിയുന്നുണ്ട്.
ബിസ്സിനെസ്സ് രംഗത്തെ ബാധിക്കുന്ന പോലെ
മീഡിയ രംഗത്തും കോവിഡ് പ്രതിസന്ധി
ഫാദർ. ബോബി അലക്സ് മണ്ണംപ്ലാക്കൽ
ദീപിക
ചീഫ് എഡിറ്റർ
ആർക്കും പ്രവചിക്കാൻ കഴിയാത്ത രീതിയിലാണ് കോവിഡ് ബാധ പടർന്നു കൊണ്ടിരിക്കുന്നത്. ഇത് എന്ന് കഴിയും, എവിടെ ചെന്ന് അവസാനിക്കുമെന്ന് ആർക്കും പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതു കൊണ്ട് നമുക്ക് കാത്തിരുന്നു കാണേണ്ടിവരും നിലവിലെ പ്രതിസന്ധികളെ. ലോകത്തിന്റെ ആദ്യാനുഭവമാണ് ഇങ്ങനെയൊരു രോഗ വ്യാപനം. ലോകത്തെ 60 %ശതമാനത്തോളം ആളുകൾക്ക് വരെ ബാധിച്ചേക്കാമെന്നാണ് ആരോഗ്യ സംഘടനകളുടെ കണക്ക്.
ഈ ഘട്ടത്തിൽ എല്ലാ ബിസ്സിനെസ്സ് രംഗത്തെ ബാധിക്കുന്നതു പോലെ മീഡിയ രംഗത്തെയും കോവിഡ് പ്രതിസന്ധി ബാധിക്കും.തുണിക്കടയാണെങ്കിലും,സ്വർണക്കടകളാണെങ്കിലും മറ്റു എന്ത് സ്ഥാപനം ആണെങ്കിലും നല്ല രീതിയിൽ നടക്കുന്ന സാഹചര്യത്തിൽ അല്ലെ പരസ്യങ്ങൾ നൽകേണ്ടതുള്ളു. പക്ഷെ നിലവിൽ ഇതെല്ലാം നിലച്ചിരിക്കുകയാണ്. അപ്പോൾ സ്വാഭാവികമായി പരസ്യ ലഭ്യത കുറയും അത് ദൃശ്യ അച്ചടി മാധ്യമങ്ങളെ ബാധിക്കും.
നിലവിൽ പലരും ഡിജിറ്റൽ മാധ്യമങ്ങളെ ആശ്രയിക്കുന്ന രീതി കാണപ്പെടുന്നുണ്ട്. എങ്കിലും പത്രങ്ങളെല്ലാം നില നിൽക്കേണ്ടത് അനിവാര്യതയാണ്. കാരണം ആധികാരികതയോടു കൂടി വസ്തുനിഷ്‌ഠമായി വാർത്തകൾ നൽകുന്നത് അച്ചടി മാധ്യമങ്ങൾ തന്നെയാണ്. മറ്റു മാധ്യമങ്ങളിൽ ഇന്ന് നൽകിയ വാർത്തകൾ നാളെ നല്കണമെന്നില്ല, തിരുത്തുകൾ ഉണ്ടാകും. അതു കൊണ്ട് തീർച്ചയായും ആളുകൾ പ്രിന്റ് മീഡിയകളെ ആശ്രയിക്കും. നിലവിലെ പ്രതിസന്ധികൾ നേരിടാൻ സർക്കാർ സഹായം ലഭ്യമാകേണ്ടതുണ്ട്. നിലവിലെ ബുദ്ധിമുട്ടുകൾ തരണം ചെയ്ത് അച്ചടി മാധ്യമങ്ങൾ ഇവിടെ നില നിൽക്കുമെന്ന് തന്നെയാണ് വിശ്വാസം
പരസ്യങ്ങൾ തിരിച്ചെത്തും
മാധ്യമങ്ങൾ അതിജീവിക്കും
കെ എൻ ആർ നമ്പൂതിരി
ജന്മഭൂമി
എഡിറ്റർ
കൊറോണ ബാധ എന്നത് ലോകത്ത് സംഭവിച്ചിട്ടുള്ള ദുരന്തങ്ങളിൽ ഒന്ന് മാത്രമാണ്. ഏത് തന്നെ ദുരന്തമായാലും അത് പ്രകൃതി നിയമമാണ്. അതിനെ മറികടക്കുക എന്നത് മാത്രമാണ് മുൻപിലുള്ള വഴി. ലോക മഹായുദ്ധങ്ങളും മഹാമാരികളും,പ്രളയവും, ഭൂമികുലുക്കം.ഭൂകമ്പം,സുനാമി പല കാര്യങ്ങളും നമ്മൾ മറികടന്നു പോന്നിട്ടുണ്ട്. അത് പോലെ കൊറോണയെയും മറികടക്കാൻ സാധിക്കും. പെട്ടെന്ന് വന്നപ്പോൾ ഉള്ള പകപ്പ് ഒഴിച്ചാൽ നമുക്കിത് മറികടക്കാവുന്നതേയുള്ളു.
പ്രതിസന്ധി ഘട്ടത്തിലും എങ്ങനെ ജോലി ചെയ്ത് ഒരു ഉത്പന്നം പുറത്തിറക്കാമെന്ന് ഈ ദുരന്തം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് അവ്സഥകളെ എങ്ങനെ തരണം ചെയ്യണം എന്നത് മനസിലാക്കി കഴിഞ്ഞു. ഓരോ ദുരിതവും നമ്മളെ പഠിപ്പിക്കുന്നത് ഏതൊക്കെ മേഖലയിൽ എന്തൊക്കെ മാറ്റങ്ങൾ മുൻപോട്ട് വരുത്തേണ്ടി വരുമെന്നാണ്. ഈ കൊറോണ കാലത്ത് ആളുകൾ ഡിജിറ്റൽ മീഡിയകളിലേക്ക് മാറിയത് ഇതിനുദാഹരണമാണ്. ഡിജിറ്റൽ ഇന്ത്യ എന്ന രാജ്യം ഉയർത്തി പിടിച്ച മുദ്രവാക്യത്തെ പുച്ഛിച്ച് തള്ളിയ പലരുമുണ്ട് നിലവിൽ അത് യാഥാർഥ്യമായി വരുന്നത് അവർക്കു തന്നെ ബോധ്യപെടുന്നുണ്ട്.
പരസ്യത്തിന്റെ വിഷയം നിലനിൽക്കുന്നുണ്ട്. പരസ്യങ്ങൾ തന്നെങ്കിലേ യഥാർത്ഥത്തിൽ മാധ്യമ സ്ഥാപനങ്ങൾക്കു നില നിൽപ്പുള്ളു. അതേ സമയം വ്യാപാരങ്ങൾ ഇല്ലാതെ എങ്ങനെ പരസ്യങ്ങൾ ഉണ്ടാവും. പരസ്യങ്ങൾ കുറഞ്ഞതിന്റെ ഭാഗമായി പത്രത്തിന്റെ പേജുകൾ കുറച്ചവരുണ്ട്. ഈ അവസ്ഥയും മാറും. തുടക്കത്തിലുണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോൾ. നിലവിൽ അല്പം പരസ്യങ്ങൾ വന്നു തുടങ്ങി കഴിഞ്ഞു. ഇനി നമ്മൾ വൈറസിനോടൊപ്പം ജീവിക്കണം എന്ന് പ്രധാന മന്ത്രി പറഞ്ഞ പോലെ ഇതൊരു യാഥാർഥ്യമാണെന്നുള്ള കാര്യം തിരിച്ചറിഞ്ഞ് അതി ജീവനത്തിന്റെ പാത തേടി നമ്മൾ മുന്നോട്ട് പോകും.
വൻ സാമ്പത്തികം മുടക്കി വ്യാപാരം നടത്തുന്ന ആളുകൾക്ക് ആ രംഗത്തേക്ക് കടന്നു വന്നേ പറ്റൂ. അവർ തിരിച്ചു വരും. ആ വരവ് സമൂഹത്തെ അറിയിക്കണമെങ്കിൽ മീഡിയ വഴി പരസ്യം നൽകി മാത്രമേ സാധ്യമാകുയുള്ളൂ. അവർ പരസ്യം നൽകും സ്വാഭാവികമായി മാധ്യമ സ്ഥാപനങ്ങൾക്കും അത് ഗുണം ചെയ്യും. വ്യവസായവും മാധ്യമങ്ങളും കൈ കോർത്ത് കൊണ്ടുള്ള നിലവിൽ കണ്ടു കൊണ്ടിരിക്കുന്ന പ്രവർത്തനം തുടരും. നിലവിൽ വലിയ ഭീതിയുണ്ടെങ്കിലും മറികടക്കാവുന്നതേയുള്ളു എന്നാണ് എന്റെ അഭിപ്രായം.
ഈ പ്രതിസന്ധി ഘട്ടത്തിൽ അച്ചടി മാധ്യമം നിലച്ചു പോകുമെന്ന് ഞാൻ കരുതുന്നില്ല. കാരണം പഴയെ കാലഘട്ടത്തിലെ ആളുകൾ ഇപ്പോഴും വായനാ ശീലം തുടരുന്നവരാണ്. യുവ തലമുറ ഡിജിറ്റൽ മീഡിയകളെ ആശ്രയിക്കുന്നവരാണെങ്കിലും പുസ്തകങ്ങളും പത്രങ്ങളുമെല്ലാം വായിക്കാൻ താല്പര്യപെടുന്നവരുമാണ്. അത് കൊണ്ട് നിലവിൽ അച്ചടി മാധ്യമങ്ങൾക്കു അല്പം ക്ഷീണം സംഭവിക്കുമെങ്കിലും നില നിൽക്കാൻ സാധിക്കും.
സർക്കാരുകൾക്ക് നിലവിൽ നല്ല രീതിയിൽ ഇടപെടാൻ സാധിക്കും. വിലയിൽ ഇളവുകൾ വരുത്തി കൃത്യസമയത്ത് ന്യൂസ് പ്രിന്റുകൾ ലഭ്യമാക്കുക, ഒപ്പം ആവിശ്യ സേവന മേഖലയിൽ ഉൾപ്പെടുത്തിയ മാധ്യമ പ്രവർത്തകർക്ക് നിലവിൽ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇളവുകൾ മാത്രമേ ലഭ്യമാകുന്നുള്ളു. അതേ സമയം ആരോഗ്യ മേഖലകളിൽ നൽകിയ രീതിയിലുള്ള ഇൻഷുറൻസുകൾ പ്രവർത്തകരുടെ പരിരക്ഷക്കായി ഉറപ്പു വരുത്തേണ്ടതുണ്ട്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകാനുള്ള പരസ്യ കുടിശ്ശികൾ ഈ ഘട്ടത്തിൽ നൽകാൻ കഴിഞ്ഞാൽ അത് വലിയ തരത്തിലുള്ള ആശ്വാസമാകും. ഇങ്ങനെ എല്ലാ സഹായങ്ങളും ലഭ്യമാകുന്നതോടെ മുൻപിലെ പ്രതിസന്ധികൾ നമ്മൾ ഒന്നിച്ച് തരണം ചെയ്യും