കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഉള്ളിയേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വി ടി സൂരജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ ചില ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് പരിഹരിക്കുന്നതിനായി 1800 ഓളം പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലായി പുതിയ തസ്തികകള്‍ സൃഷ്ടിച്ച് വേഗത്തില്‍ നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അസ്ഥിരോഗം ബാധിച്ച കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഗുണമേന്മയുള്ള ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ ലഭ്യമാക്കും. ഹീമോഫീലിയ അടക്കമുള്ള അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന, മൃതദേഹം കീറിമുറിക്കാതെ ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള ‘വെര്‍ച്വല്‍ ഓട്ടോപ്‌സി’ സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ആരോഗ്യമേഖലയില്‍ സേവന വീഴ്ചകളോ അനാസ്ഥയോ ഉണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉള്ളിയേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആരംഭഘട്ടം മുതല്‍ വിവിധ ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി ഓര്‍മിച്ചു. പാര്‍ലമെന്റ് അംഗമായിരുന്ന കാലത്ത് എം.പി ഫണ്ടിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് വിനിയോഗിച്ചത്. ബാലുശ്ശേരിയിലെ വിദ്യാലയത്തിനാണ് തന്റെ ആദ്യ എം.പി ഫണ്ട് അനുവദിച്ചതെന്നും മന്ത്രി അനുസ്മരിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ഹെല്‍ത്ത് ഗ്രാന്റ് ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ നാല് കോടി രൂപ വിനിയോഗിച്ചാണ് ഉള്ളിയേരിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്.
ചടങ്ങില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍, വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി നാസര്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റീമ കുന്നുമ്മല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ കെ മണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി അശോക്, വൈശാഖ് കണ്ണോറ, പുഷ്പ ടീച്ചര്‍, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പുനത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി അജിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സരിത കുമാരി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ അഫ്‌സല്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

