തിരുവനന്തപുരം: മാസപ്പടി കേസിലെ സർക്കാർ നിലപാടിനെ പൂർണ്ണമായും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. സുപ്രീം കോടതി വിധിയോടെ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത് പൂർണ്ണമായും നിയമാനുസൃതമായ നടപടിയാണെന്നും കേസിന്റെ കാര്യത്തിൽ സർക്കാരിന് യാതൊരുവിധ അനാവശ്യ ധൃതിയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ഈ നിലപാട് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. സുധാകരന്റെ പരാമർശങ്ങളോടും മന്ത്രി പ്രതികരിച്ചു. കെ. സുധാകരൻ മുതിർന്ന നേതാവാണെന്നും ‘മഴ കഴിഞ്ഞാലും മരം പെയ്യും’ എന്നതുപോലെയാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളെന്നും സണ്ണി ജോസഫ് പരിഹസിച്ചു. സർക്കാരിന് വിഷയത്തിൽ ഒരു തിരക്കുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. തിരക്കുപിടിച്ചുള്ള നീതിനിർവ്വഹണം നീതി നിഷേധത്തിന് വഴിതുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ. സുധാകരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചതായാണ് താൻ അറിഞ്ഞതെന്നും അത് അടഞ്ഞ അധ്യായമാണെന്നും മന്ത്രി പറഞ്ഞു. “ഞാൻ പ്രീഡിഗ്രിക്ക് പഠിച്ചത് ലോജിക്കാണ്. അതിൽ ‘ലോ ഓഫ് കോസേഷൻ’ എന്നൊന്നുമുണ്ട്. ‘Nothing is causeless’ (കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല) എന്നാണ് അതിൽ പറയുന്നത്. സ്വാഭാവികമായും ഭരണപക്ഷത്തു നിന്നും ക്രിയാത്മകമായ വിമർശനങ്ങൾ ഉണ്ടാകും. എന്നാൽ ഇത്തരം കാര്യങ്ങൾ പരസ്യപ്പെടുത്തുന്നതിനെയാണ് ഞാൻ നിരുത്സാഹപ്പെടുത്തിയത് എന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

