ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ജാമ്യം ലഭിച്ചപ്പോൾ, മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ആരോഗ്യകാരണങ്ങൾ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, പ്രശാന്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. കേസിൽ ഗൂഢാലോചന അടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മാസം 23-നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇരുവരെയും അറസ്റ്റ് ചെയ്തത്.
2019-ൽ നടന്ന സ്വർണക്കൊള്ള പുറത്തറിയാതിരിക്കാൻ 2025-ൽ ബോർഡ് പ്രസിഡൻ്റായിരിക്കെ പി.എസ്. പ്രശാന്ത് നടത്തിയ ഇടപെടലുകളാണ് കേസിന് ആധാരം. ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതെ സ്വർണം പൂശാനെന്ന പേരിൽ ക്ഷേത്രത്തിലെ പാളികൾ രഹസ്യമായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലേക്ക് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. മുൻകൂർ അനുമതി തേടാതിരുന്നത് കേവലം ഒരു സാങ്കേതിക പിഴവാണെന്ന പ്രശാന്തിൻ്റെ വാദം തള്ളിയ എസ്.ഐ.ടി, ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

