അജ്മാൻ/തിരുവനന്തപുരം: അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം. പ്രമുഖ വ്യവസായി എം എ യൂസഫലി തുഷാറിന്‍റെ മോചനത്തിനായി ഇടപെട്ടു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്ന് തന്നെ ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ ജയിലിൽ നിന്ന് ഇറക്കുകയായിരുന്നു. ഒരു ലക്ഷം ദർഹം കെട്ടിവെച്ചാണ് അദ്ദേഹത്തെ പുറത്തിറക്കിയത് .
ചൊവ്വാഴ്ച വൈകിട്ടാണ് 10 ദശലക്ഷം ദിർഹത്തിന്റെ(ഏകദേശം 19 കോടി രൂപ) ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്നും വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്തത്.