കുന്ദമംഗലം : കഴിഞ്ഞ ഏഴു മാസക്കാലമായി സ്ഥിരമായൊരു കൃഷി ഓഫീസർ ഇല്ലാതെ കുന്ദമംഗലം കൃഷിഭവൻ. നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലം മാറി പോയതിനു ശേഷം പുതിയ നിയമനങ്ങളൊന്നും തന്നെ ഇതു വരെ നടന്നിട്ടില്ല. നിലവിൽ ചാത്തമംഗലം പഞ്ചായത്ത് കൃഷി ഓഫീസർ ജിഷ പി വിയ്ക്ക് താൽകാലിക ചുമതല നൽകിയിരിക്കുകയാണ്. എന്നാൽ പേരിനൊരു ചുമതല എന്നതിലുപരി യാതൊരു പ്രവർത്തനവും ഈ നിയമനം കൊണ്ട് സാധ്യമാകുന്നില്ല.
സ്ഥാപനത്തിൽ ഉദ്യോഗസ്ഥനില്ലാത്തതിൽ പ്രതിഷേധം ശക്തമായി ഉയർന്നു വരികയാണ്. കൃഷി ആവിശ്യങ്ങൾക്കു വേണ്ടി പല തവണ ഓഫീസിൽ കയറി ഇറങ്ങുന്ന സാധാരണക്കാർ ഓഫീസർ ഇല്ലായെന്ന പതിവ് പല്ലവി കേട്ട് മടങ്ങേണ്ട ഗതികേടാണ്. കഴിഞ്ഞ ഡിസംബർ മാസമാണ് നിയമിക്കപ്പെട്ട ഓഫീസർ രൂപ നാരായണൻ ദീർഘകാല ലീവിൽ കയറുന്നത് ഇതിനിടയിൽ എ ഡി എയായി പ്രൊമോഷൻ ലഭിച്ച ഉദ്യോഗസ്ഥ തിരിച്ചു എത്തിയില്ല. ശേഷം മറ്റൊരു നിയമനം കൂടി നടന്നെങ്കിലും വെറും പത്ത് ദിവസം മാത്രമായിരുന്നു ആ നിയമനത്തിന്റെ കാലാവധി പി എസ് സി മുഖേന മറ്റൊരു ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ജോലി രാജി വെക്കുകയായിരുന്നു.
ഈ അനാസ്ഥയെ ചൂണ്ടി കാണിച്ച് പൊതു ജനങ്ങൾ രംഗത്തെത്തി കഴിഞ്ഞു. ഉദ്യോഗസ്ഥരും സർക്കാരും വിഷയം ഗൗരവത്തോടെ കണ്ട് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണിവർ