കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി. റോയി തോമസിന്‍റെ അമ്മ അന്നമ്മ തോമസിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയും കൊന്നത് താനാണെന്ന് ജോളി വെളിപ്പെടുത്തിയിരുന്നുവെന്നാണ് മൊഴി.
ജോളി ജോസഫിന്‍റെ ഉറ്റസുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായിരുന്ന പി.എ. ജോണ്‍സണ്‍ ആണ് റോയ് വധക്കേസിലെ സാക്ഷി വിസ്താരത്തിനിടെ ഇക്കാര്യങ്ങള്‍ കോടതി മുമ്പാകെ മൊഴി നല്‍കിയത്. അന്വേഷണത്തിനായി പോലീസ് കല്ലറകള്‍ തുറക്കുന്നതിനു മുമ്പ് മൃതദേഹാവശിഷ്ടങ്ങള്‍ കല്ലറയില്‍ നിന്നു മാറ്റാന്‍ സഹായിക്കണമെന്നു ജോളി ആവശ്യപ്പെട്ടിരുന്നതായും ഇദ്ദേഹം മൊഴി നല്‍കി.
2015 മുതല്‍ ജോളിയുമായി അടുപ്പമുള്ള ജോണ്‍സണ്‍ റോയി കൊലക്കേസിലെ 21-ാം സാക്ഷിയാണ്.
2019 ഒക്ടോബര്‍ നാലിനാണ് അന്വേഷണത്തിന്‍റെ ഭാഗമായി കല്ലറ തുറന്നത്. ഇതിനു രണ്ടുദിവസം മുമ്പ് ജോളി തന്നെ വീട്ടിലേക്കു വിളിച്ചുവരുത്തി. കല്ലറ തുറക്കുന്നത് തടയാനാകുമോ എന്നാണ് ജോളി ചോദിച്ചത്. ഇത് എന്തിനാണെന്നു ചോദിച്ചപ്പോഴാണ് ബന്ധുക്കളുടെ മരണത്തില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് ജോളി വെളിപ്പെടുത്തിയത്.
കല്ലറ തുറന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ജോളി സംസാരിച്ചു. മൃതശരീരാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചാല്‍ താന്‍ കുടുങ്ങുമെന്ന് ജോളി ഭയപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ചോദിച്ചപ്പോഴാണ് കൊലപാതക വിവരങ്ങള്‍ തന്നോട് വെളിപ്പെടുത്തിയത്. എം.എസ്. മാത്യുവാണ് സയനൈഡ് എത്തിച്ചുനല്‍കിയതെന്നും ജോളി പറഞ്ഞതായി ജോണ്‍സണ്‍ മൊഴി നല്‍കി.