കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ

0
97


കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി


കാർഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്‌ക്കെതിരെ കർഷക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ബില്ലുകൾ പ്രാബല്യമാകുന്നതോടെ മിനിമം താങ്ങുവിലതന്നെ ഇല്ലാതാകും എന്ന ആശങ്ക കർഷകർക്കിടയിലുണ്ട്. നിയമങ്ങൾ നടപ്പിലാകുമ്പോൾ സംസ്ഥാനത്ത് വിവിധ കാർഷിക മേഖലകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പഠിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൃഷി കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാന സർക്കാരുകളോട് ആലോചിച്ചും വിശ്വാസത്തിലെടുത്തും സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിച്ചുമല്ലാതെ ഏകപക്ഷീയമായി നയങ്ങളും തീരുമാനങ്ങളും എടുക്കാൻ കഴിയില്ല. കൃഷി, അനുബന്ധ ഗവേഷണം എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്നവയാണ്. കർഷകർക്ക് സൗജന്യമായി ലഭിക്കുന്ന ഇത്തരം സാധ്യതകൾ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇല്ലാതാകും. കൃഷി, സാങ്കേതികവിദ്യ എന്നിവ സംസ്ഥാനസർക്കാരിന്റെ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനികൾ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും മന്ത്രി കുറ്റപ്പെടുത്തി.സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്രസർക്കാർ നിയമഭേദഗതി വരുത്തുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ബില്ലിനെ എതിർക്കുന്ന സംസ്ഥാനങ്ങളുമായി യോജിച്ച് പ്രതിഷേധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങളുടെ ശാക്തീകരണത്തിലൂടെ സംസ്ഥാനത്തെ കർഷകരെ രക്ഷിക്കാനുള്ള ബദൽനയം രൂപീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി, വ്യവസായ വകുപ്പ് എന്നിവയുമായി സംയോജിച്ച് വിത്ത് മുതൽ വിപണിവരെയുള്ള മേഖലകളിൽ ശക്തമായ പ്രതിരോധം തീർക്കാനുള്ള നയം കേരളത്തിൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here