പ്രശസ്ത പത്രപ്രവർത്തകനും മുസ്ലിം ലീഗിന്റെ അമരക്കാരനുമായിരുന്ന റഹീം മേച്ചേരിയുടെ ഓർമ്മ ദിനത്തിൽ അനുഭവങ്ങൾ പങ്കു വെക്കുകയാണ് സഹപ്രവർത്തകനും കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ചീഫ് എഡിറ്ററുമായ സിബ്ഗത്തുള്ള. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മേച്ചേരിയുടെ മരിക്കാത്ത ഓർമ്മകൾ ഇന്നും ഇദ്ദേഹത്തിന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നു.
2004 ആഗസ്റ്റ് 21 മരിക്കാത്ത ഓർമ്മകളുടെ ദിനമായി ഇന്നും ഈ സഹ പ്രവർത്തകൻ ഓർക്കുന്നു. പത്രക്കെട്ടുമായി പോകുന്ന വാഹനത്തിൽ കയറി വീട്ടിലേക്ക് പോവുകയായിരുന്ന പത്രാധിപൻ വാഹന അപകടത്തിൽ പെട്ട് മരിക്കുകയായിരുന്നു. അപകട വാർത്ത അറിഞ്ഞു പുലർച്ചയോടെ തന്നെ താൻ മെഡിക്കൽ കോളേജിൽ എത്തിയപ്പോയേക്കും അദ്ദേഹം ഭൂമിയോട് വിട പറഞ്ഞിരുന്നു. വേണ്ടപെട്ടവരുടെ മരണ വാർത്ത നേരിട്ടറിഞ്ഞ് മറ്റുള്ളവരെ അറിയിക്കുക എന്നത് എത്രമേൽ ദുസ്സഹമാണെന്ന് അന്ന് ആദ്യമായി അറിഞ്ഞ ദിനം. സഹപ്രവർത്തകൻ എന്നതിൽ ഉപരി തന്റെ സ്വന്തം സഹോദരന്റെയോ പിതാവിന്റേയോ സ്ഥാനത്തായി മേച്ചേരിയെ വിശേഷിപ്പിക്കാമെന്ന് സിബ്ഗത്തുള്ള പറയുന്നു അത്രമേൽ ആഴത്തിലുള്ള സ്നേഹബന്ധമായിരുന്നു അദ്ദേഹവുമായി .
കോഴിക്കോട് ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപനായ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ദിനം ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. വന്ധീകരണ ശസ്ത്രക്രിയ നടത്തി തളർന്നു പോയ രോഹിണിയെന്ന യുവതിയെ കുറിച്ച് “ലോക ജനസംഖ്യ ദിനത്തിൽ ചലനമറ്റ് രോഹിണി” എന്ന തല വാചകത്തിൽ ഒരു വാർത്ത തയ്യാറാക്കിയ തന്നെ,അന്ന് രാത്രി 12 മണിയോടെ യാത്ര കഴിഞ്ഞു എത്തിയ അദ്ദേഹം ഫോണിലൂടെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് മറക്കാത്ത ഓർമ്മയാണ്. അങ്ങനെയായിരുന്നു എളിമയുടെ പ്രതീകമായ ആ മഹത് വ്യക്തി.
എം എസ് എഫിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നു വന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിനൊപ്പം അണിചേർന്ന് സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ശിക്ഷണത്തിലൂടെ മാധ്യമ രംഗത്തേക്ക് എത്തിയ വ്യക്തിത്വമാണ് റഹീം മേച്ചേരിയെന്ന സൗമ്യനായ പത്രാധിപൻ. അദ്ദേഹം തൂലിക പടവാളാക്കിയ പോരാളിയായിരുന്നു എന്നത് നിസംശയം പറയാം. അദ്ദേഹം ഇന്നും മരിക്കാത്ത ഓർമ്മകളിൽ ജീവിച്ചിരിക്കുന്നു. അദ്ദേഹം എന്റെ കൂടെ തന്നെയുണ്ട് ജീവിത പാതകളിൽ വഴികാട്ടിയായി