ന്യൂഡൽഹി: സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസമായി സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതിലൂടെ ബോർഡ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച ഹൈക്കോടതി നടപടിയും ഒഴിവാക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡും സംസ്ഥാന സർക്കാരും നൽകിയ ഹർജികൾ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിർണായക നടപടി. കേസിൽ ബിജെപി നേതാവ് ഷോൺ ജോർജ് അടക്കം തടസ്സഹർജി സമർപ്പിച്ചിരുന്നു.
ഹൈക്കോടതി വിധിയോടെ നിലച്ചുപോയ ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നതോടെ വഖഫ് ബോർഡിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. നിയമപരമായ നിബന്ധനകൾ പാലിക്കാതെയാണ് നിലവിലെ ബോർഡ് രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി പ്രവർത്തനങ്ങൾ തടയുകയും അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നത്.
എന്നാൽ ബോർഡിന്റെ വാദം കേൾക്കാതെയുള്ള ഹൈക്കോടതിയുടെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ പരമോന്നത കോടതിയെ സമീപിച്ചത്. ഹർജിയിലെ വാദങ്ങൾ അംഗീകരിച്ച സുപ്രീം കോടതി, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു .

