കുന്ദമംഗലം: റിപ്പയറിംങ്ങിന് കൊണ്ടുവരുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റ് മാറ്റി മറിച്ച് വിൽപ്പന. യുവാവ് തട്ടിയെടുത്തത് ഒരു കോടിയിൽ അധികം രൂപ. കോഴിക്കോട് ജില്ലയിലെ പതിമംഗലത്ത് പ്രാണോ ഓട്ടോ മോട്ടിവ് എന്ന സ്ഥാപനത്തിൻെറ മറവിൽ വൻ വാഹന തട്ടിപ്പ്. സംഭവത്തിൽ പ്രാണോ ഓട്ടോ മോട്ടിവ് സ്ഥാപനത്തിന്റെ ഉടമസ്ഥനായ സുവീഷ് എൻ എന്ന യുവാനിനെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.
മിനി ചാത്തൻ കാവ് കുന്ദമംഗലത്തെ ശ്രീ സൗദം വീട്ടിലെ വിശ്വനാഥന്റെ മകനാണ് സുവീഷ്.
റിപ്പയറിംങ്ങിന് കൊണ്ടുവരുന്ന വാഹനങ്ങൾ നമ്പർ പ്ലേറ്റ് മാറ്റി മറിച്ചു വിറ്റ് കാശു വാങ്ങി നിരവധി ആളുകളെയാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കിയത്. സർക്കാറിന്റെ പഴയ വാഹനങ്ങൾ നൽകാമെന്ന് പറഞ്ഞും ഇയാൾ പലരിൽ നിന്നും കാശുവാങ്ങിയിട്ടുണ്ട്. 45 പവൻ സ്വർണ്ണം സ്ത്രീയുടെ കൈയിൽ നിന്നും വാങ്ങി 2 കാറുകൾ തരാമെന്ന് പറഞ്ഞു പറ്റിച്ചതായും ഇയാൾക്കെതിരെ പരാതിയുണ്ട്.
ഇയാളുടെ തട്ടിപ്പിന് ഇരയായ ആളുകൾ പരാതിയുമായി രംഗത്ത് വരാതിരുന്നത് കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായതിന് കാരണമായി. എൻ ഐ ടിയിലെ പ്രൊഫസ്സർ ഡോക്‌ടർ രവിവർമ്മയുടെ പരാതിയിലാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്. നിലവിൽ 16 പരാതികളാണ് ഇയാൾക്കെതിരെ പോലീസ് സ്റ്റേഷനിൽ വന്നിരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ഇയാൾ നൽകിയ വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ ആളുകൾ തിരിച്ച് എത്തിക്കുന്നുണ്ട്.
അതേസമയം പ്രതി മറിച്ച് വിറ്റ വാഹനങ്ങളുടെ കൃത്യമായ കണക്ക് പോലീസ് എടുക്കുകയാണ്. അതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ തിരിച്ച് എത്തിച്ച 6 വാഹനങ്ങൾ കച്ചീട്ട് പ്രകാരം ഇന്ന് ഉടമസ്ഥർക്ക് കൈമാറി. പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ ഏറെ നാൾ നിരീക്ഷണത്തിലായിരുന്നു.
സുവീഷിനോട് പലപ്പോഴായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞെങ്കിലും ഇയാൾ വിസമ്മതിക്കുകയായിരുന്നു. പ്രതി ആത്മഹത്യ ഭീഷണി ഉയർത്തിയാണ് ഇതുവരെ ആളുകളിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. കേസിൽ വിശദമായ അന്വേഷണം ആവിശ്യമാണെന്ന് പോലീസ് വ്യക്തമാക്കി. കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.