സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനിയും ജലദോഷവും പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ തന്നെ കഴിയണം. ഇത്തരം ആളുകൾ പൊതു ഇടങ്ങളില്‍ ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.രോഗലക്ഷണങ്ങല്‍ ഉള്ളവര്‍ ഓഫീസുകളിലോ കോളജുകളിലോ സ്‌കൂളിലോ പോകരുത്. ഗുരുതര രോഗങ്ങളുള്ളവര്‍ പനി പോലുള്ള രോഗലക്ഷണം കണ്ടാല്‍ പരിശോധന നടത്തി കോവിഡ് ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ടിപിആര്‍ മാനദണ്ഡമാക്കുന്നത് അശാസ്ത്രീയമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവിലുള്ള 1,99,041 കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ .7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമുള്ളത്. ഐസിയു ആവശ്യമുള്ളത് 0.6 രോഗികള്‍ക്ക് മാത്രമാണ്. നിലവില്‍ മെഡിക്കല്‍ കോളജുകളിലെ വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ് ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം.തെരഞ്ഞെടുക്കുന്ന ടീം അംഗങ്ങള്‍ക്ക് ഓഫിസുകളില്‍ പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം. ഇതിനായി ആരോഗ്യവകുപ്പില്‍ നിന്ന് പിന്തുണ നല്‍കും.ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. നല്ല ഭക്ഷണം കഴിക്കുകയും വെള്ളം ധാരാളം കുടിക്കുകയും വേണം. എട്ടു മണിക്കൂര്‍ ഉറങ്ങണം. ഇതോടൊപ്പം പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് സാചുറേഷന്‍ പരിശോധിക്കണം. ആറുമിനുട്ട് നടന്നതിനുശേഷം വീണ്ടും പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് അളക്കുകയും 3 പോയിന്റിന് താഴെയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് ചികിത്സ തേടേണ്ടതാണ്.
ഓഫിസുകളില്‍ കൃത്യമായ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൂര്‍ണമായ അടച്ചിടല്‍ അവസാന ഓപ്ഷനായി വേണം കണക്കാക്കാന്‍. രോഗലക്ഷണങ്ങളുള്ള ജീവനക്കാര്‍ വേഗം പരിശോധന നടത്തണം. ലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ടെസ്റ്റ് നടത്തിയ ശേഷമേ ആശുപത്രിയിലെത്താവൂ. സംസ്ഥാനത്ത് ടാര്‍ഗഗെറ്റഡ് പോപുലേഷന്റെ നൂറ് ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.