തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്തിരുന്ന ഹെലികോപ്റ്ററിന്റെ കരാർ കാലാവധി പൂർത്തിയായതോടെ പുതിയ നിർദേശവുമായി ചിപ്‌സൺ ഏവിയേഷൻ രംഗത്ത്. മുൻകൂട്ടി നിശ്ചയിച്ച പ്രതിമാസ തുക ഒഴിവാക്കി, ആവശ്യാനുസരണം ഉപയോഗിക്കുമ്പോൾ മാത്രം മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കിൽ സേവനം നൽകാം എന്നാണ് പുതിയ വാഗ്ദാനം.
നേരത്തെ, പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയും അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപയുമായിരുന്നു കമ്പനി ഈടാക്കിയിരുന്നത്. എന്നാൽ, നിലവിലെ കരാർ നീട്ടുന്ന കാര്യത്തിൽ സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരത്തിനകം ഭരണനേതൃത്വത്തിൽ നിന്ന് തീരുമാനമുണ്ടാകാതിരുന്നതോടെയാണ് കരാർ കാലാവധി അവസാനിച്ചത്. കരാർ നീട്ടണമെന്ന ഡി.ജി.പി.യുടെ ശുപാർശ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നുവെങ്കിലും അന്തിമതീരുമാനം ആയിട്ടില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി.യായിരുന്നപ്പോഴാണ് പോലീസ് ആവശ്യങ്ങൾക്കായി ആദ്യം പവൻ ഹൻസിൽ നിന്നും പിന്നീട് ചിപ്‌സൺ ഏവിയേഷനിൽ നിന്നും ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. പുതിയ ശുപാർശയിൽ മുഖ്യമന്ത്രിയായിരിക്കും അന്തിമതീരുമാനമെടുക്കുക.

