സംസ്ഥാനത്തെ നിർമ്മാണ വസ്തുക്കളുടെ വിലയിലെ വൻവർധനവ് ലൈഫ് പദ്ധതിക്ക് തിരിച്ചടി. 40 ശതമാനം വരെ വിലകൂടിയതോടെ നിലവിലെ പദ്ധതി വിഹിതത്തിൽ വീടുകളുടെ പണി പാതിവഴിയിലാണ്. പഴയ വീട് പൊളിച്ച് പണിയുന്നവർക്കും ലൈഫ് വീടുകളൊരുങ്ങാത്ത അവസ്ഥയിൽ വാടകത്തുക വലിയ ബാധ്യതയാണ്.വാടക വീട്ടിൽ നിന്ന് ദിവസവും ഇടയ്ക്കിടെ നദീറ നിർമാണത്തിലുള്ള വീട്ടിൽ വന്നിരിക്കും. തേച്ചൊന്ന് മിനുക്കി ഈ വീട്ടിലൊന്ന് അന്തിയുറങ്ങാൻ അത്ര ഏറെ കൊതിയാണ്. പ്രളയത്തിൽ വീട് തകർന്നു. ലൈഫ് പട്ടികയിൽ പേര് വന്നതും ആശ്വസിച്ചു. വാടക വീട്ടിലേക്ക് താമസം മാറി 3 വർഷമായി. മുൻകൂറായി പണംമുടക്കി വീട് പണി തുടങ്ങി ചൂർണ്ണിക്കര പഞ്ചായത്തിനെ അറിയിച്ചു. വൈകി എങ്കിലും 3.50 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി അക്കൗണ്ടിലെത്തി. എന്നിട്ടും വീട് പണി എങ്ങുമെത്തുന്നില്ല.ഡ്രൈവറായ ഭർത്താവ് ഷാജഹാനാണ് നാലംഗ കുടുംബത്തിന്റെ അത്താണി. വായ്പയെടുത്തും സ്വർണ്ണം വിറ്റും വീടൊരുക്കാൻ നോക്കിയിട്ടും നിരാശ. മൂന്ന് വർഷമായി 7,000 രൂപ വീട്ട് വാടക വലിയ ബാധ്യതയുമായി. കല്ലിനും സിമന്റിനും കമ്പിക്കും തുടങ്ങി നിർമ്മാണ വസ്തുക്കൾക്ക് മൂന്ന് വർഷത്തിനിടെ കുത്തനെ കൂടിയത് 30 മുതൽ 40 ശതമാനം വരെ. 420 ചതുരശ്ര അടി വിസ്തീർണ്ണത്തിലെങ്കിലും സുരക്ഷിതമായൊരു വീടൊരുക്കാൻ 4 ലക്ഷം രൂപ മതിയാകില്ല.നഗര മേഖകളിൽ ഈ അധികതുക ചിലപ്പോഴെങ്കിലും കമ്പനികളുടെ സിഎസ്ആർ ഫണ്ട് വഴി ലഭ്യമാകും. എന്നാൽ ഗ്രാമീണ മേഖലകളിലാണ് കൂടുതൽ വെല്ലുവിളി. രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള പെടാപ്പാടിൽ നദീറയുടേത് പോലുള്ള നിരവധി വീടുകൾ പാതിജീവനിൽ പൂപ്പൽ കയറുന്നു. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി, ട്രഷറി നിയന്ത്രണം, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം- ഒന്നിനു പിറകെ ഒന്നൊന്നായി പിന്നെയും തടസ്സങ്ങൾ ലൈഫിനെ പിന്നോട്ടടിക്കുകയാണ്.