ന്യൂഡൽഹി: സിനിമ ചിത്രീകരണത്തിനായി പോയ നടി മഞ്ജു വാരിയരും സംഘവും പ്രളയത്തെ തുടർന്ന് ഹിമാചലിൽ കുടുങ്ങി. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘കയറ്റം” എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് മഞ്ജു വാരിയരും സംഘവും മണാലിയിലെ ഛത്രുവിൽ എത്തിയത്.
ശക്തമായ പ്രളയക്കെടുതിയിൽ 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്ന് സഹോദരൻ മധു വാരിയരെ മഞ്ജു ഫോണിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കൂടി മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. ഇന്റർനെറ്റ്, ഫോൺ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. നിലവില്‍ ഇവരുള്ള സ്ഥലം സുരക്ഷിതമാണെന്നും മഞ്ജു പറഞ്ഞതായി മധു സൂചിപ്പിച്ചിട്ടുണ്ട്.
പതിനഞ്ച് സെക്കന്‍ഡ് മാത്രം സംസാരിച്ച മഞ്ജു പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തതായും മധു പറഞ്ഞു.
മണാലിയില്‍ നിന്ന് 100 കിലോമീറ്ററകലെ ഛത്രയിലാണ് ഷൂട്ടിങ് നടക്കുന്നത്. മഞ്ജു വിളിച്ച നമ്പരിലേക്ക് തിരിച്ചുവിളിച്ചിട്ട് ഇപ്പോൾ കിട്ടുന്നില്ല. കേന്ദ്രമന്ത്രി വി.മുരളീധരനെ വിവരമറിയിച്ചിട്ടുണ്ടെന്നും മധു വ്യക്തമാക്കി.