കോഴിക്കോട് : പ്രവർത്തന രേഖയിൽ പ്രധാന നിർദ്ദേശവുമായി ജില്ലാ കോൺഗ്രസ്സ് കമ്മറ്റി. അംഗങ്ങളുടെ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാനായി ചിട്ടിയും സംഘകൃഷിയും നടത്താനും അതിനു പുറമെ വർഷത്തിൽ ഒരിക്കൽ വിനോദ യാത്രയും ഉൾപ്പെട്ടതാണ് പുതിയ നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ഈ കമ്മിറ്റികൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ മാർഗരേഖ നിർദ്ദേശം.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ജില്ലയിലുള്ള 1274 കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഓരോ മാസത്തെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്താനായി ബൂത്ത് ഫീൽഡ് ഡയറിയും തയാറാക്കിയിട്ടുണ്ട്. ബൂത്തിലെ മുഴുവൻ കോൺഗ്രസ് കുടുംബാംഗങ്ങളുടെയും വിശദാംശങ്ങൾ, ഓരോ പാർട്ടിക്കും ബൂത്തിലുള്ള വോട്ട് തുടങ്ങിയ വിവരങ്ങൾ ബൂത്ത് പ്രവർത്തകർ ഓരോമാസത്തിലും വീടുകൾ കയറി ഡയറിയിൽ രേഖപ്പെടുത്തണം.
ഡയറിക്കൊപ്പം എല്ലാ ബൂത്ത് കമ്മിറ്റികൾക്കും മിനിട്സ് ബുക്കും ഡിസിസി നൽകും. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ ഇന്നാരംഭിക്കുന്ന ഡിസിസി നേതൃപരിശീലന ക്യാംപിൽ മിനിറ്റ്സ് ബുക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബൂത്ത് ഫീൽഡ് ഡയറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭാരവാഹികൾക്കു കൈമാറും.