ന്യൂ ഡൽഹി: പൊതുറോഡുകളിലെ നടപ്പാതകൾ പൗരന്മാരുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി നടപ്പാതകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ കർശന ഇടപെടൽ.
വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് പ്രാധാന്യം നൽകുമ്പോൾ കാൽനടയാത്രക്കാരുടെ അവകാശങ്ങളെ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് കാൽനടയാത്രക്കാരുടെ സുരക്ഷയെന്നും കോടതി ചൂണ്ടിക്കാട്ടി.
നടപ്പാതകൾ കേവലം നിർമ്മിതികൾ മാത്രമാകരുതെന്നും, ഭിന്നശേഷിക്കാർക്ക് കൂടി സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ അവ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പുതിയ റോഡ് വികസന പദ്ധതികളിൽ നടപ്പാതകൾ അനിവാര്യമായ ഘടകമാക്കാനും, നിലവിൽ നടപ്പാതകളിലുള്ള കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കാനും വിവിധ സംസ്ഥാനങ്ങൾക്ക് കോടതി നിർദേശം നൽകി.

