ഇടുക്കി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്ന വാദം കോടതി അംഗീകരിച്ചു. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിലാണ് എ രാജ മത്സരിച്ചു ജയിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ച സിപിഎമ്മിലെ എ രാജയുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചതെന്ന് ആരോപിച്ചാണ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.