
കോഴിക്കോട് ഭക്ഷണത്തിൽ കൂടിയ അളവിൽ കൃത്രിമ നിറം ചേർത്ത 94 സ്ഥാപനങ്ങൾക്കെതിരെ നടപടി. ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറം ചേർക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച ‘നിറമല്ല രുചി, സെ നോ ടു സിന്തറ്രിക് ഫുഡ് കളർ’ കാമ്പെയിന്റെ ഭാഗമായാണ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്. ബോധവത്കരണ കാമ്പെയിൻ ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ നിയമ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്രയധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്. ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമ നിറം ചേർത്ത് ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കുന്നതായി കണ്ടെത്തിയത്. 930 പരിശോധനകളാണ് നടത്തിയത്. നിലവാരമില്ലാത്ത ഭക്ഷണം വിറ്റതിന് 49 കേസുകൾ രജിസ്റ്റർ ചെയ്തു. തെറ്റായ ബ്രാൻഡിൽ കച്ചവടം ചെയ്തതിന് 77 കേസുകളും ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തിയതിന് 15 കേസുകളും എടുത്തിട്ടുണ്ട്.