നെയ്യാറ്റിന്‍കര: വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകന് ഷാരോണ്‍ രാജിനെ കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകി ഗ്രീഷ്മക്ക് വധശിക്ഷ. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്ക് മൂന്നു വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്.
കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയയെ സ്നേഹിച്ചെന്ന് കോടതി വ്യക്തമാക്കി. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചത്. ലൈഗിംകബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചുവരുത്തിയത്.
ജൂസില്‍ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ് ഷാരോണ്‍ വിഡിയോ ചിത്രീകരിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദിച്ചതിന് തെളിവില്ല.
കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചു നില്‍ക്കാനുള്ള കൗശലം വിജയിച്ചില്ല. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാന്റ് കേസ് നല്‍കിയത്. പ്രതിയുടെ പ്രായം കണക്കിലെടുക്കാന്‍ സാധിക്കില്ല. കുറ്റകൃത്യത്തില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടില്ലെന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. പ്രതികള്‍ക്കെതിരായ വധശ്രമം തെളിഞ്ഞതായും ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ലെന്നും വിധിയില്‍ ജഡ്ജി എ.എം ബഷീന് ചൂണ്ടിക്കാട്ടി.
കാമുകനായ മുര്യങ്കര ജെ.പി ഹൗസില്‍ ജെ.പി. ഷാരോണ്‍ രാജിനെ (23) 2022 ഒക്ടോബര്‍ 14ന് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിന് തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്.