കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കവലയില്‍ അംഗനവാടി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. അംഗനവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നഴ്സറി സ്കൂളുകള്‍, അംഗനവാടികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തുടങ്ങേണ്ടത്. അംഗനവാടികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവാണ് മുന്‍പ് ഉണ്ടായിരുന്നത്. അത്തരം അവസ്ഥകള്‍ക്ക് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. അര്‍ഹതപ്പെട്ട ആനുകൂല്യം അംഗനവാടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ മാറ്റം തുടങ്ങേണ്ടത് വിദ്യാഭ്യാസ മേഖലയില്‍ നിന്നാണെന്നുള്ള തീരുമാനത്തില്‍ നിന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. നാട്ടിന്‍പുറത്തെ പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെത്തുന്ന പ്രവണത വര്‍ധിക്കുന്നതിന് ഇത് സഹായകമായി. അഞ്ചുലക്ഷത്തോളം വിദ്യാര്‍ഥികളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ചു. സ്വകാര്യവ്യക്തി അനുവദിച്ച സ്ഥലത്ത് 14.5 ലക്ഷം രൂപ ഉപയോഗിച്ചാണ് അംഗനവാടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വൈസ് പ്രസിഡന്റ് ടി.കെ മീന, സ്ഥിരം സമിതി അംഗങ്ങളായ കെ കൃഷ്ണദാസ്, ഷാജികുമാര്‍, ജില്ലാപഞ്ചായത്തംഗം താഴത്തയില്‍ ജുമൈലത്ത്, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

