കുന്ദമംഗലം നിയോജക മണ്ഡലത്തെ 2024 ജനുവരി 26 ന് മുമ്പായി സമ്പൂർണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്ത് തലത്തിൽ മാലിന്യ സംസ്കരണത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു. വാർഡ് അടിസ്ഥാനത്തിൽ മിനി എം.സി.എഫ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ഹരിതകർമ സേനയെ ശാക്തീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കാനും എം.സി.എഫ് യൂണിറ്റുകൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും തീരുമാനിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിൽ ശ്രദ്ധിക്കാൻ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും എം.എൽ.എ നിർദ്ദേശം നൽകി. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത് കണ്ടെത്തുകയും ഫൈനായി 50,000/- രൂപ ഈടാക്കുകയും ചെയ്ത പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ നടപടിയെ യോഗം അഭിനന്ദിച്ചു.പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലിജി പുൽകുന്നുമ്മൽ, ഓളിക്കൽ അബ്ദുൽ ഗഫൂർ, ഷാജി പുത്തലത്ത്, പി ശാരുതി, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ എം ഗൗതമൻ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു. മാലിന്യമുക്ത നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹൻ സ്വാഗതവും ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ നന്ദിയും പറഞ്ഞു.