രണ്ടാം പിണറായി സര്‍ക്കാരിനും ധനമന്ത്രി കെ എന്‍ ബാലഗോപാലിനുമെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇടത് മുന്നണിയെ പിണറായി വത്കരിക്കുന്നുവെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന പ്രധാന വിമര്‍ശനം. ജിഎസ്ടി കൗണ്‍സിലില്‍ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ച ശേഷം തിരികെ കേരളത്തില്‍ വന്ന് തീരുമാനങ്ങളെ എതിര്‍ത്തുവെന്ന് മാറ്റി പറഞ്ഞുവെന്നാണ് ധനമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം.
സിപിഐയ്ക്ക് രണ്ടുവര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍, മമത ബാനര്‍ജിയെയും കൂടെ കൂട്ടണമെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ഇടത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല അധിക സുരക്ഷയെന്നാണ് മുഖ്യമന്ത്രിയ്ക്ക് എതിരായ വിമര്‍ശനം ഉയര്‍ന്നത്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ പുറത്ത് നില്‍ക്കുമ്പോള്‍ സിപിഎം പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പലപ്പോഴും സിപിഐ മന്ത്രിമാരുടെ വകുപ്പില്‍ നടക്കുന്ന ഉദ്യോഗസ്ഥ നിയമനം പോലും മന്ത്രിമാര്‍ അറിയുന്നില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും വിമര്‍ശനം ഉയര്‍ന്നു. മുമ്പുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ല. സര്‍ക്കാരിനേയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്‌നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിനെതിരേയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. വകുപ്പ് തികഞ്ഞ പരാജയമാണെന്നും വിലക്കയറ്റം ഉള്‍പ്പെട രൂക്ഷമാകുമ്പോള്‍ അത് പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും ഭക്ഷ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍.

