Local

ഒപ്പം’ അദാലത്ത് കോടഞ്ചേരിയില്‍ 238 പരാതികള്‍ പരിഗണിച്ചു

കോടഞ്ചേരി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോടഞ്ചേരിയില്‍ നടത്തിയ കലക്ടറുടെ പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ ‘ഒപ്പ’ത്തില്‍ 238 പരാതികള്‍ പരിഗണിച്ചു. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്ഹാളില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച പരാതികള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.  

വീടില്ലാത്തവര്‍, ചികിത്സക്ക് വഴിയില്ലാത്തവര്‍, കൈവശ ഭൂമിയില്‍ നികുതിയടക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍, റേഷന്‍ സംബന്ധമായ പരാതികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പരാതികളാണ് അദാലത്തില്‍ പരിഗണനക്കെത്തിയത്. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സൗകര്യവും (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നിരാമയ ഇന്‍ഷൂറന്‍സ് ചേര്‍ക്കാനും പുതുക്കാനുമുള്ള അവസരവും പരാതി പരിഹാര അദാലത്തിനൊപ്പം ഒരുക്കിയിരുന്നു.

തുടര്‍ച്ചയായി നികുതി അടച്ചു വരുന്ന ഭൂമിയില്‍ ആധാരം, മറ്റ് കൈവശ രേഖകള്‍ ഇല്ലാത്തതിനാല്‍ കോടഞ്ചേരി, നെല്ലിപ്പൊയില്‍, തിരുവമ്പാടി വില്ലേജ് ഓഫീസുകളില്‍ നികുതി സ്വീകരിക്കുന്നില്ല എന്ന പരാതിയില്‍ നേരത്തെ അടച്ച നികുതി ശീട്ട്, കൈവശാവകാശം എന്നിവ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൈവശ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവ ഓണ്‍ലൈന്‍ വഴി നികുതി സ്വീകരിച്ച് രസീത് നല്‍കാന്‍ കഴിയുന്നില്ലെന്നായിരുന്നു വില്ലേജ് ഓഫീസര്‍മാര്‍ അറിയിച്ചത്. 

ഏഴുവര്‍ഷമായി പ്ലാസ്റ്റിക് കൊണ്ടു മറച്ച ഷെഡില്‍ കഴിയുന്ന തനിക്ക് ലൈഫ് പദ്ധതിയില്‍ പോലും വീട് അനുവദിച്ചില്ലെന്ന പരാതിയുമായാണ് കൂടത്തായി പൊയില്‍ ആയിശ അദാലത്തിനെത്തിയത്. ഏത് നിമിഷവും നിലം പൊത്താവുന്ന വീട്ടില്‍ ആശങ്കകളോടെയാണ് കഴിയുന്നതെന്ന് ഇവര്‍ പറഞ്ഞു. കൂലിപ്പണിയെടുത്ത് കഴിയുന്ന തനിക്കും വിദ്യാര്‍ഥിയായ മകനും അടച്ചുറപ്പുള്ളൊരു വീട് എന്നതാണ് അയിശയുടെ ആവശ്യം. ഇവര്‍ക്ക് വീട് ലഭിക്കാനുള്ള സാധ്യത പരിശോധിക്കാനും നടപടികള്‍ വേഗത്തിലാക്കാനും ഗ്രാമപഞ്ചായത്ത് അധികൃതരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു. 

ഭിന്നശേഷിക്കാരനായ മകന്‍ സച്ചുവിന്റെ ചികിത്സക്കും നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുമായാണ് കോടഞ്ചേരി പാറയില്‍ ഗോപകുമാറും ഭാര്യ ശാരദയും അദാലത്തിനെത്തിയത്. പഞ്ചായത്ത്ഹാള്‍ പരിസരത്ത് ഓട്ടോറിക്ഷയില്‍ കാത്തിരിക്കുകയായിരുന്ന സച്ചുവിനടുത്തേക്കാണ് അദാലത്തിനെത്തിയ കലക്ടര്‍ ആദ്യമെത്തിയത്. തുടര്‍ന്ന് അമ്മയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു അദാലത്ത് നടക്കുന്ന ഹാളിലേക്കെത്താന്‍ പറഞ്ഞു. വീട് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞതായത് ഭിന്നശേഷിക്കാരനായ സച്ചുവിന് അലര്‍ജിയടക്കമുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നു.  ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുബം മടങ്ങിയത്. 

മല മുകളിലെ വീട്ടിലേക്ക് വഴിയില്ലായെന്ന പരാതിയുമായാണ് ചെമ്പുകടവ് സ്വദേശിനിയായ ശ്രീജ വിജിഷ് എത്തിയത്. നട്ടെല്ലിന് വളവുള്ള മൂന്ന് വയസുകാരനായ മകനെ ചികിത്സക്കു കൊണ്ടുപോകുന്നത് പോലും ഏറെ ക്ലേശം സഹിച്ചാണ്. പരാതിയില്‍ നടപടി തുടര്‍ നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ പറഞ്ഞു. 

. യാത്രാ ആനുകൂല്യവുമായി ബന്ധപ്പെട്ട് പഴയ യാത്രാ പാസ് കാണിക്കുമ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയുമായാണ് മുക്കം മാമ്പറ്റയിലെ സ്വകാര്യ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ മൂന്ന് പേര്‍ എത്തിയത്. സ്ഥാപന പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട് പുതിയ പാസുകള്‍ നല്‍കുന്നതിന് ആര്‍ടിഒക്ക് നിര്‍ദ്ദേശം നല്‍കി.

പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഗസ്തി പല്ലാട്ട്, അസി. കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, താലൂക്ക് സപ്ലൈ ഓഫീസര്‍ പി പ്രമോദ്, നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതി കണ്‍വീനര്‍ പി സിക്കന്തര്‍, മെമ്പര്‍ ഡോ. പി ഡി ബെന്നി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!