തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് രാവിലെ 08.30 മുതൽ മെയ് 20ന് ഉച്ചയ്ക്ക് 02.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

