
കോഴിക്കോട്: മെഡി.കോളേജിലെ മരുന്ന് വിതരണം നിലച്ചിട്ട് ഒൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ ഉപവാസ സമരമിരുന്ന് കോൺഗ്രസ്. ആശുപത്രിയ്ക്ക് മുൻപിൽ രാവിലെ എട്ടിന് ആരംഭിച്ച എം.കെ.രാഘവന്‍ എംപിയുടെ 24 മണിക്കൂർ ഏകദിന ഉപവാസം ഡോ എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു .പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബഹുജനപ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് എം.കെ മുനീർ എം.എൽ.എ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പ്രതിഷേധമാണിതെന്നും വിഷയത്തിൽ തീരുമാനം എടുക്കാൻ സർക്കാർ അമാന്തം കാണിച്ചാൽ വലിയ സമരത്തിലേക്ക് നീങ്ങുമെന്ന് എം.കെ രാഘവൻ എംപിയും വ്യക്തമാക്കി.ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹൗസ്ഫെഡ് ചെയർമാൻ കെ.സി.അബു, മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ദിനേശ് പെരുമണ്ണ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തു. മരുന്ന് വിതരണം ചെയ്ത വകയിൽ 90 കോടിയിലധികം കുടിശ്ശികയായതോടെയാണ് കഴിഞ്ഞ പത്ത് മുതൽ ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിറുത്തിയത്. പ്രശ്നം പരിഹരിക്കാൻ മരുന്ന് കമ്പനികളുമായി ആരോഗ്യവകുപ്പ് ഇതുവരെ ചർച്ച നടത്താൻ പോലും തയ്യാറായില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്.