സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ പൊരുതിതോറ്റ് കേരളം. തോല്‍വിയോടെ നോക്കൗട്ട് കാണാതെ പുറത്തേക്ക്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഹരിയാനയോട് നാല് റണ്‍സിനാണ് കേരളം തോറ്റത്. ഹരിയാന ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സേ നേടാനായുള്ളൂ. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ഹരിയാനയുടെ ജയം.
സച്ചിന് ബേബിയാണ് ടോപ് സ്കോറര്‍. 36 പന്തില്‍ മൂന്നു ഫോറും ആറു സിക്സും സഹിതം 68 റണ്‍സാണ് സച്ചിന് നേടിയത്. അവസാന ഓവര്‍ വരെ ക്രീസില്‍നിന്ന സച്ചിന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണും കേരളത്തിനായി അര്‍ധസെഞ്ചുറി നേടി. 31 പന്തുകള്‍ നേരിട്ട സഞ്ജു, അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റണ്‍സെടുത്തു.
മുഹമ്മദ് അസ്ഹറുദ്ദീന് (25 പന്തില്‍ 35), റോബിന് ഉത്തപ്പ (ഒന്‍പത് പന്തില്‍ എട്ട്), വിഷ്ണു വിനോദ് (10 പന്തില്‍ 10), സല്മാന് നിസാര്‍ (ഏഴു പന്തില്‍ അഞ്ച്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. അക്ഷയ് ചന്ദ്രന് (നാല്), ജലജ് സക്സേന (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.