സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 13നാണ് രോഗി കണ്ണൂരിലെത്തിയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നാട്ടില്‍ എത്തിയതിനു ശേഷം പനിയും ശരീരത്തില്‍ തടിപ്പും കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മെഡിക്കല്‍ കോളജിലെ പ്രത്യേക ഐസലേഷന്‍ മുറിയിലാണ് ഇദ്ദേഹത്തിനു ചികിത്സ നല്‍കുന്നത്.
രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. കൊല്ലം സ്വദേശിയായ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിലവില്‍ ചികിത്സയിലാണ്. യുഎഇയില്‍ നിന്നുമാണ് ഇദ്ദേഹം നാട്ടിലെത്തിയത്.
ഈ മാസം ഒന്‍പതിന് അബുദാബിയില്‍നിന്നെത്തിയ കൊല്ലം സ്വദേശിക്ക് കഴിഞ്ഞയാഴ്ച മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള വിമാനത്തിലെ സഹ യാത്രക്കാരും വീട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ക്കും ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഇവരെല്ലാം നീരീക്ഷണത്തിലാണ്.

