സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്‌നാടിന് മുകളിലേക്ക് മാറി. വടക്കന്‍ തമിഴ്‌നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതല്‍ മധ്യപ്രദേശിന് വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുവെന്ന് ഐഎംഡി അറിയിച്ചു. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയോടെ വടക്കന്‍ കേരളത്തില്‍ മഴ കുറച്ചുകൂടി ശക്തിപ്രാപിക്കും. നാളെ ഒറ്റപ്പെട്ട ശക്തമായ / അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരളത്തില്‍ രണ്ട് ദിവസം കൂടി കനത്ത മഴ തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മഴയുടെ ശക്തി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ദുരന്ത സാദ്ധ്യത മേഖലകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കി പൊലീസിനും ഫയര്‍ഫോഴ്‌സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറാനും നിര്‍ദേശം നല്‍കി. നദികളില്‍ എക്കല്‍ അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണം. മഴയുടെ ശക്തി കൂടുന്നതിനാല്‍ ക്യാമ്പുകള്‍ വേണ്ട ഇടങ്ങളില്‍ അവ എത്രയും പെട്ടെന്ന് സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

