കോഴിക്കോട്: പ്രവാസിയായ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ താമരശേരിയിലെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൂര്‍ണമായും നീങ്ങാതെ ദുരൂഹത. തട്ടിക്കൊണ്ടുപോയവര്‍ വിട്ടയച്ച ഷാഫിയെ ഇന്നലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രാത്രി പത്തുമണിയോടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. എന്നാല്‍ തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കാരണവും മറ്റും സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.
കൊടുവള്ളി സ്വദേശിയായ സാലിയാണ് തന്നെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് ഷാഫി അന്വേഷണസംഘത്തിനു നല്‍കിയിരിക്കുന്ന മൊഴി. ഗള്‍ഫില്‍ നിന്നുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോയവര്‍ ശാരീരികമായി ഉപദ്രവിച്ചു. തന്നെ ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ സഹോദരനെതിരേ പറയിപ്പിച്ചതെന്നും ഷാഫി മൊഴി നല്‍കിയിട്ടുണ്ട്.
മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുമായി ഷാഫിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. തട്ടിക്കൊണ്ടുപോയവരെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് കര്‍ണാടകയിലെ അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഷാഫിയെ മോചിപ്പിച്ചത്. മൈസൂരുവിലേക്കുള്ള ബസില്‍ ഇദ്ദേഹത്തെ കയറ്റിവിടുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ മൈസൂരുവിലെത്തിയ ഷാഫിയെ ബന്ധുക്കള്‍ പോയി നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. രാവിലെ പത്തുമണിയോടെ താമരശേരിയിലെത്തി. തുടര്‍ന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി. പിന്നീട് താമരശേരിയിലെ ബന്ധുവീട്ടിലേക്ക് പോയ ഷാഫിയെ വൈകുന്നേരത്തോടെ വടകരയിലുള്ള റൂറല്‍ എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് താമരശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.