ഇടുക്കി: നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദ്യാര്‍ഥിനിയായ മാതാവിനെതിരേ കേസെടുക്കും. പ്രസവ വിവരം മറച്ചു പിടിച്ചതിനും കുഞ്ഞിന്റെ മൃതദേഹം പുറത്തറിയിക്കാതെ മറവു ചെയ്യാന്‍ ശ്രമിച്ചതിനുമാണ് അവിവാഹിതയായ പെണ്‍കുട്ടിക്കെതിരേ കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ മരണം കൊലപാതകമാണോ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. ഇതിനിടെ ആരോഗ്യ നില വഷളായ മാതാവിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ച വീട്ടില്‍ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്കൂള്‍ ബാഗിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. കട്ടപ്പനയിലെ ഒരു കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.
എന്നാല്‍ യുവാവ് മറ്റൊരു പെണ്‍കുട്ടിയേയാണ് വിവാഹം കഴിച്ചത്. യുവാവിനു പ്രണയബന്ധം ഉണ്ടെന്നറിഞ്ഞ യുവതി യുവാവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഇതിനിടെ പ്രണയിച്ചിരുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുകയും ചെയ്തതോടെ യുവാവ് ജീവനൊടുക്കിയിരുന്നു.
ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചുവച്ചാണ് പെണ്‍കുട്ടി കട്ടപ്പനയിലെ കോളജില്‍ പഠിക്കാനെത്തിയിരുന്നത്. ഷാള്‍ ഉപയോഗിച്ച് വയര്‍ മുറുക്കികെട്ടിവച്ചാണ് പെണ്‍കുട്ടി കോളജില്‍ എത്തിയിരുന്നത്. ചൊവ്വാഴ്ച രാത്രി വീട്ടിലെ ബാത്ത്റൂമിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിച്ചു. പിന്നീട് കുട്ടിയെ ഉപേക്ഷിക്കാനായി സഹായം ആവശ്യപ്പെട്ട് സുഹൃത്തിനെ ഫോണില്‍ വിളിച്ചു.
വിശ്വാസം വരാതിരുന്ന സുഹൃത്ത് കുഞ്ഞിന്റെ ഫോട്ടോ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പെണ്‍കുട്ടി വാട്സ്ആപ്പിലൂടെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് വിവരം മുരിക്കാശേരി പോലീസില്‍ അറിയിക്കുകയായിരുന്നു