കൊച്ചി: സംസ്ഥാനത്തെ നടുക്കിയ അവയവ വിൽപ്പന റാക്കറ്റിന്റെ വലയിൽ കുടുങ്ങിയത് നാൽപ്പതോളം പേരെന്ന് പോലീസ് കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മഠത്തിപ്പറമ്പിൽ മുഹമ്മദ് നജീബിനെ റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഈ സംഘം കോവിഡ് വ്യാപനത്തിന് ശേഷം 2021 മുതലാണ് പ്രവർത്തനം ശക്തമാക്കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ റാക്കറ്റിന് ശക്തമായ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. സാധാരണക്കാരായ ആളുകളെയാണ് ഇവർ പ്രധാനമായും ഇരകളാക്കിയിരുന്നത്. അവയവദാനം നടത്തിയവരാണെന്നും അത് സുരക്ഷിതമാണെന്നും വിശ്വസിപ്പിക്കാൻ വ്യാജ അനുഭവസ്ഥരെ രംഗത്തിറക്കിയാണ് ഏജന്റുമാർ ഇരകളെ വലയിലാക്കിയിരുന്നത്. ദാതാക്കളാകാൻ സമ്മതിക്കുന്നവരിൽ നിന്ന് പ്രാഥമിക പരിശോധനകൾക്കായി മാത്രം ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ ഏജന്റുമാർ വഴി ഈടാക്കിയിരുന്നു.
അവയവ കൈമാറ്റത്തിന് ആവശ്യമായ എല്ലാത്തരം രേഖകളും ഈ സംഘം വ്യാജമായാണ് നിർമിച്ചിരുന്നത്. പിടിയിലായ മറ്റൊരു പ്രതിയും ഏജന്റുമായ ഡെബിൻ ജോസഫ് സ്പാ കേന്ദ്രങ്ങൾ മറയാക്കിയാണ് ദാതാക്കളെ കണ്ടെത്തിയിരുന്നത്. ബിസിനസ് സംരംഭങ്ങളുടെ മറവിൽ പ്രവർത്തിക്കുന്ന നിരവധി ഏജന്റുമാർ ഇനിയും പിടിയിലാകാനുണ്ട്. മുഖ്യപ്രതിയായ നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് പണമയച്ചവരെയും ഇടപാടുകൾ നടത്തിയവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

