
ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുഞ്ഞിൻ്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവന്തപുരം എസ് .എ.ടി . ആശുപത്രിയിലേക്ക് മാറ്റുന്നു.ചികിത്സാ ചെലവ് സർക്കാർ വഹിക്കും.നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിൻ്റെ പിറവി. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പരാതിയില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.