
മുക്കം: ടീം വെൽഫെയർ മുക്കം ഘടകത്തിലെ വളണ്ടിയർമാർ മുക്കം കടവ് പാലം ശുചീകരിച്ചു.ചപ്പുചവറുകളും മണ്ണും കാരണം അടിഞ്ഞുകൂടി വൃത്തിഹീനമായ വൈ ആകൃതിയിലുള്ള മുക്കം കടവ് പാലത്തിലെ മൂന്ന് ഭാഗങ്ങളും സമ്പൂർണമായും വൃത്തിയാക്കിയാണ് ടീം വെൽഫെയർ ജനശ്രദ്ധ നേടിയത്. മുളങ്കാടുകളിൽ നിന്ന് പാലത്തിന് മുകളിൽ വീണ ഇലകൾ കുന്നുകൂടിയത് കാരണം കാൽനടയാത്രക്കാർക്ക് പോലും പ്രയാസം സൃഷ്ടിച്ചിരുന്നു. ടീം വെൽഫെയറിന്റെ ശുചീകരണ പ്രവൃത്തി മുക്കം കടവ് പാലത്തിലെത്തുന്ന പ്രകൃതി ആസ്വാദകർക്കും ഏറെ ആശ്വാസം പകരുന്നുണ്ട്. അതേസമയം സാമൂഹ്യദ്രോഹികളുടെ ശല്യത്തിൽ നിന്നും രക്ഷനേടുന്നതിനായി പാലത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ ഉടനെ സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡന്റ് ശേഖരൻ ആവശ്യപ്പെട്ടു.
ശുചീകരണത്തിന്റെ ഉദ്ഘാടനം കാരശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷാഹിന ടീച്ചർ നിർവഹിച്ചു. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഇ.കെ.കെ. ബാവ, യൂനിറ്റ് സെക്രട്ടറി എസ് ഖമറുദ്ദീൻ, സലീം തടപ്പറമ്പ്, നൗഷാദലവി, അസീസ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു. റിംജാസ് പുതിയപുരയിൽ, ബഷീർ പാലത്ത്,ഷൈജ ഖമർ , അൻവർ തടപറമ്പ്,സൽമാൻ ,സഫ് വാൻ എന്നിവർ നേതൃത്വം നൽകി.