കേരളം തരിശ് രഹിത സംസ്ഥാനമാകാനൊരുങ്ങുന്നു: മുഖ്യമന്ത്രി
കേരളം തരിശ് രഹിത സംസ്ഥാനം എന്ന നിലയിലേക്ക് മെല്ലെ നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന കേരള ഫുഡ് കോൺക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വ്യാപകമായി തരിശ് ഭൂമിയിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളും തരിശ് രഹിത ഗ്രാമങ്ങളും ബ്‌ളോക്കുകളും മണ്ഡലങ്ങളുമായി. നെൽക്കൃഷിയിൽ അഭിവൃദ്ധി സാധ്യമായതായി മുഖ്യമന്ത്രി പറഞ്ഞു.
പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് ജനകീയ കാമ്പയിൽ തന്നെ നടന്നു. മട്ടുപ്പാവിലടക്കം കൃഷി ചെയ്യുന്ന രീതിയിലേക്ക് കേരളീയരെത്തി. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന നിലയിലേക്ക് അടുത്തപ്പോഴാണ് മഹാപ്രളയവും തുടർന്നുള്ള വർഷത്തെ കനത്ത കാലവർഷവും ഉണ്ടായത്. അതിനു പിന്നാലെ കോവിഡും എത്തി. ഇത് കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യമേഖലയിൽ പുരോഗതിയുണ്ടാക്കുകയാണ് പ്രധാനം. അത്യുത്പാദന ശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കേണ്ടി വരും. പൊതുവിതരണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് രാജ്യത്ത് പലയിടത്തും ജനങ്ങൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയപ്പോൾ കേരളം മാതൃക കാട്ടി. കേരളത്തിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടെടുത്തു. കേരളം തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനുകൾ വലിയ തോതിൽ ദേശീയ ശ്രദ്ധ ആകർഷിച്ചു. ജനകീയ ഭക്ഷണശാലയും മാതൃകയായതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന സർവീസ്: കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിന് അനുമതി ലഭിച്ചാൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം വേഗത്തിലായേനെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതോടെ കണ്ണൂരിന് പുറമെ കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയുടെ ഒരു ഭാഗം, കർണാടകയിലെ കൂർഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ചരക്ക് വിദേശത്തേക്ക് കയറ്റി അയയ്ക്കാനാകും. മലബാറിന്റെ എയർ കാർഗോ ഹബ് ആയി കണ്ണൂർ വിമാനത്താവളം മാറാൻ പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
9000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് കാർഗോ കോംപ്‌ളക്‌സ്. 12,000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. ഇലക്‌ട്രോണിക് ഡാറ്റ ഇന്റർചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്ക് നീക്കം നിയന്ത്രിക്കുക. കോവിഡ് വ്യാപനവും വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
എം.സി.എ സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.സി.എ കോഴ്‌സിൽ ഒഴിവുള്ള സീറ്റിൽ 21ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
2021 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന കെ.ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ആന്റ് വെബ്ഡിസൈൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്‌മെന്റ് സൗജന്യ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ് പാസ്സായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം. പ്രായപരിധി 21-26 വയസ്സ്. വിശദ വിവരങ്ങൾ www.cybersri.org യിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ cybersriharipad@gmail.com ലേക്കോ പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രോജക്ട്, സി- ഡിറ്റ് , ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ 22നകം അയയ്ക്കണം. ഫോൺ: 9895478273, 9895788334.
ജനറൽ നഴ്‌സിങ് ഡിപ്ലോമ
മെഡിക്കൽ വിദ്യാഭാസ വകപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുവിന് ശേഷം ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എ.എൻ.എം കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. നവംബർ അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകർ 2021 ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല.
കൂടുതൽ വിവരങ്ങൾ www.dme.kerala.gov.in ലും GNM-2021 പ്രോസ്‌പെക്ടസിലും ലഭിക്കും. ഫോൺ: 0471 2528575.

