മുപ്പതില്‍പരം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടില്‍ രങ്കുല്‍ (22) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ലിസി മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ് .
കഴിഞ്ഞ നാലാം തിയതി പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വരികയായിരുന്ന സ്റ്റീഫന്റെ മൊബൈല്‍ സ്‌കൂട്ടറില്‍ വന്ന പ്രതി തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ വന്ന വണ്ടിയുടെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയ പോലീസ് വണ്ടിയുടെ ഉടമയും പ്രതിയുടെ സുഹൃത്തുമായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോളാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആയ ഇയാള്‍ കലൂര്‍ ഭാഗത്തുള്ള ഹോസ്റ്റലുകളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊണ്ടു തന്ത്രപൂര്‍വം പോലിസ് ഇയാളെ കച്ചേരിപ്പടിയിലേക്കു വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മുപ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയിട്ടുള്ളതായി ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.