കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ ആരംഭിക്കുന്ന സൈക്കിള്‍ ബ്രിഗേഡ് പദ്ധതിയുടെ ഭാഗമായി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തും ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചും സംയുക്തമായി ജൂലൈ 19 മുതല്‍ 26 വരെ കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഹയര്‍സെക്കണ്ടറി വിഭാഗം എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ വഴി സൈക്കിള്‍ സ്‌മൈല്‍ ചാരിറ്റി പ്രോഗ്രാം സംഘടിപ്പിക്കും. സൈക്കിള്‍ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പുതിയ സൈക്കിളുകള്‍, പുനരുപയോഗത്തിന് സാധ്യമായ പഴയ സൈക്കിള്‍ എന്നിവ കലാലയങ്ങള്‍ വഴി ശേഖരിക്കുന്നതും 24 മുതല്‍ 26 വരെ കോഴിക്കോട് നടക്കുന്ന സൈക്കിള്‍ ക്ലിനിക്ക് വഴി റിപ്പയര്‍ ചെയ്ത് ആവശ്യക്കാരെ കണ്ടെത്തി സൗജന്യമായി നല്‍കും. പുനരുപയോഗത്തിന് സാധിക്കാത്ത സൈക്കിളുകള്‍ കേരള സ്‌ക്രാപ്പ് ഡീലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നല്‍കി അത് വഴി ലഭിക്കുന്ന പണം സൈക്കിള്‍ ചാരിറ്റിക്ക് ഉപയോഗപ്പെടുത്തുന്നതുമാണ്. കലാലയങ്ങള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങിവര്‍ക്കെല്ലാം ഈ പരിപാടിയുടെ ഭാഗമാവാന്‍ അവസരമൊരുക്കിയിട്ടുണ്ട്. സൈക്കിള്‍ റിപ്പയര്‍ അറിയുന്നവര്‍ക്കും റിപ്പയര്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരങ്ങള്‍ക്ക് – 9544900129/9544036633