കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലം മുറിയനാലിൽ സ്ഥിതി ചെയ്യുന്ന എമിറേറ്റ് വർക്ക് ഷോപ്പിലെ തീപിടുത്തത്തിൽ രണ്ട് കോടിയോളം രൂപയുടെ നാശ നഷ്ടം. ജോഫിയുടെ ഉടമസ്ഥതയിലുള്ള ബെൻസ് കാർ വർക്ക് ഷോപ്പ് വർഷങ്ങളായി പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഇന്ന് രാവിലെ ഷോപ്പിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസിയായ സ്ത്രീ ഉടമയെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.
തുടർന്ന് ഉടമ കടയിൽ എത്തി ആദ്യ ഘട്ടത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. കൂട്ടത്തിലുണ്ടായിരുന്ന രണ്ടു വാഹനങ്ങൾ മാത്രം ഇദ്ദേഹത്തിന് കേടുപാടുകൾ കൂടാതെ മാറ്റി നിർത്താൻ സാധിച്ചു. എന്നാൽ പത്തോളം ബെൻസ് കാറുകൾ പൂർണമായി കത്തി നശിക്കുകയും ഷോപ്പിലുണ്ടായിരുന്ന മറ്റു വാഹനങ്ങൾക്കു ഭാഗികമായി കേടുപാടുകളും പറ്റി. സംഭവമറിഞ്ഞെത്തിയ നരിക്കുനി,വെള്ളിമാട്കുന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം തീയണച്ചു. തീ പിടിക്കാനുള്ള സാഹചര്യം എന്താണെന്നു വ്യക്തമായിട്ടില്ല.
തൃശ്ശൂർ സ്വദേശിയായിരുന്ന ഇദ്ദേഹം ജോലി സംബന്ധമായ ആവിശ്യത്തിനായി കോഴിക്കോട് എത്തിയിട്ട് വർഷങ്ങളായി. നേരത്തെ പ്രവാസ ലോകത്ത് ബെൻസ് കാറുകളുടെ വർക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നാട്ടിലെത്തിയ ശേഷം പുതിയ സംരഭത്തിന് തുടക്കമിടുകയായിരുന്നു. ജോലിയിൽ മികവ് പുലർത്തിയ വ്യക്തിയായ ജോഫിയുടെ വർഷങ്ങളായുള്ള സ്വപ്നമാണ് ഇന്ന് കത്തിയെരിഞ്ഞത്. ഇദ്ദേഹത്തിന്റെ സേവനങ്ങൾക്കായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി പേർ എമിറേറ്റ് വർക്ക് ഷോപ്പിലേക്ക് എത്താറുണ്ട്.

