കുന്ദമംഗലം; ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ ദുരിതം ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പ്രഖ്യാപിച്ച ധന സഹായം ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍. പ്രളയത്തിന് ശേഷം ദുരിതം ബാധിച്ചവര്‍ക്ക് 10000 രൂപയായിരുന്നു ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ നല്‍കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പിന്നീട് ഓണത്തിന് മുന്‍പ് തന്നെ മുഴുവന്‍ പേര്‍ക്കും സഹായം എത്തിക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചു. എന്നാല്‍ സഹായം ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. പ്രളയത്തില്‍ ബുദ്ധിമുട്ടനുഭവിച്ച കുന്ദമംഗലം പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ മാത്രം ഏകദേശം 80 ഓളം പേര്‍ക്കാണ് ധനസഹായം ലഭിക്കാനുള്ളത്. പണം വന്നു എന്ന് പറയുന്ന പലര്‍ക്കും ഇതുവരെ അക്കൗണ്ടില്‍ പണം എത്തിയിട്ടുമില്ല. പണം എത്തിക്കുന്നതില്‍ വില്ലേജ് ഓഫീസര്‍ കൃത്യമായി ഇടപെട്ടെങ്കിലും ഇത്തവണത്തെ പ്രളയത്തില്‍ ആര്‍ക്കെല്ലാം ലഭിച്ചു, ലഭിക്കാത്തവര്‍ ആരെല്ലാം എന്നറിയാനുള്ള സാങ്കേതിക പ്രശ്‌നമാണ് കാരണം എന്നാണ് വിലയിരുത്തല്‍. താലൂക്ക് ഓഫീസിലോ കലക്ടറേറ്റിലോ ഇതു സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇല്ല. തിരുവനന്തപരത്ത് നിന്ന് നേരിട്ടാണ് തുക എത്തുന്നത് എന്നതാണ് അര്‍ഹതപ്പെട്ടവര്‍ക്ക് തുക ലഭിക്കാതിരിക്കാന്‍ കാരണമാവുന്നത്.
പണം ലഭിക്കാത്തതില്‍ ആദ്യ ഘട്ട പ്രതിഷേധം എന്ന നിലയ്ക്കാണ് നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍ എത്തിയത്. ഗ്രാമസഭയില്‍ എടുത്ത തീരുമാന പ്രകാരം കക്ഷി രാഷ്ട്രീയ ഭേതമന്യേ പ്രതിഷേധം വില്ലേജ് ഓഫീസറെ അറിയിക്കുകയായിരുന്നു. എത്രയും പെട്ടന്ന കിട്ടാനുള്ള ധനസഹായം അധികൃതര്‍ എത്തിച്ചുനല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം.