ഇടുക്കി: ഇടുക്കി പീരുമേട് ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട സീതയുടെ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണ കാരണം കാട്ടാന ആക്രമണം അല്ലെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. സീതയുടെ മുഖത്തും കഴുത്തിലും മല്‍പ്പിടുത്തത്തിന്റെ പാടുകളുണ്ട്. വലിച്ചിഴയ്ക്കപ്പെട്ടതിന്റെയും മര്‍ദ്ദിച്ചതിന്റെയും പാടുകള്‍ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെയാണ് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇന്നലെ തന്നെ സീതയുടെ മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
കാട്ടാന സീതയെ തുമ്പിക്കൈ കൊണ്ട് അടിച്ചെന്നായിരുന്നു ബിനുവിന്റെ മൊഴി. ഇയാള്‍ തന്നെയാണ് ഫോണില്‍ വിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സീതയുടെ ശരീരത്തില്‍ വന്യമൃഗ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ല.