ക്യാമ്പിലേക്കുള്ള സഹായം ക്യാമ്പ് കമ്മിറ്റി വഴി മാത്രം
വഴികളില്‍ വാഹനങ്ങള്‍ തടഞ്ഞ് ദുരന്തനിവാരണത്തിനായുള്ള ധനശേഖരണം നടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം രീതിയിലുള്ള ധനശേഖരണം അരക്ഷിതാവസ്ഥ ഉണ്ടാക്കാനിടയുണ്ട്. ക്യാമ്പുകളിലേക്ക് ഉള്ള സഹായങ്ങള്‍ ക്യാമ്പ് കമ്മിറ്റി വഴി മാത്രം നല്‍കണമെന്നും് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും പ്രാദേശിക -രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ക്യാമ്പ് കമ്മിറ്റി വഴി മാത്രം സഹായങ്ങള്‍ നല്‍കണമെന്നും ഒരു സംഘടനയും നേരിട്ട് നല്‍കരുതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഇതിനകം ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നാല് സംഭരണ കേന്ദ്രങ്ങള്‍ ആണുള്ളത്. കലക്ടറേറ്റിലെ സംഭരണ കേന്ദ്രത്തിന് പുറമേ വടകര, കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ചും സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ സംഭരണ കേന്ദ്രങ്ങളിലേക്കും ക്യാമ്പുകളിലേക്കും,് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സംഭാവനകള്‍ നല്‍കാം.
പുതിയ സാധനങ്ങള്‍ മാത്രം സംഭാവനയായി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുവില്‍ എല്ലായിടത്തും പുതിയ സാധനങ്ങള്‍ മാത്രമാണ് സംഭാവനയായി ലഭിക്കുന്നത.് എന്നാല്‍ അപൂര്‍വ്വമായി ചിലയിടത്ത് പഴയ സാധനങ്ങള്‍ സംഭാവന ചെയ്‌തേക്കാം. ഇത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ സംഘടനകളുടെയോ പാര്‍ട്ടികളുടെയോ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.