പൂര്‍ത്തിയായ പദ്ധതികള്‍ക്കു മുന്നില്‍ നിന്ന് പടമെടുത്ത് മടങ്ങുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണം’- റിയാസ്

0
101

കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന കേന്ദ്രമന്ത്രി അടിക്കടി വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. അതിനേക്കാള്‍ കൂടുതല്‍ കുഴികളാണ് ദേശീയപാതയിലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് മന്ത്രിയുടെ പരിഹാസം.

‘റോഡിന്റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. ഇവിടുങ്ങളില്‍ ഒരുപാട് കുഴികളുണ്ട്. കേരളത്തില്‍ ജനിച്ച് ഇവിടെ കളിച്ചു വളര്‍ന്ന്, മറ്റൊരു സംസ്ഥാനത്ത് നിന്നും രാജ്യസഭാംഗമായി ഇപ്പോള്‍ കേന്ദ്രമന്ത്രിയായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം ഒട്ടുമിക്ക ദിവസങ്ങളിലും വാര്‍ത്ത സമ്മേളനം നടത്താറുണ്ട്. അദ്ദേഹം നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളെക്കാള്‍ കുഴികള്‍ ദേശീയ പാതയിലുണ്ട്.

ഈ വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും ഇത് പരിഹരിക്കാനായി അദ്ദേഹം ഇടപെട്ടിട്ടില്ല. ഇപ്പോള്‍ ഒരുപാട് കേന്ദ്രമന്ത്രിമാര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇത് നല്ല കാര്യമാണ്. എന്നാല്‍ ഇവര്‍ ഉദ്ഘാടനം ഉറപ്പായ പദ്ധതികളുടെ മുന്നില്‍ നിന്നും പടമെടുത്ത് പോകുന്നു. ഈ മന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണം’- മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെത്തി മേല്‍പ്പാലത്തിന്റെ നിര്‍മാണം വിലയിരുത്തിയതിനെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും തമ്മില്‍ വാക്പോര് നടന്നതിനു പിന്നാലെയാണ് മന്ത്രി റിയാസ് നിയമസഭയില്‍ പരിഹാസം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here