ചേളന്നൂർ: ഭൂമിയുടെ മുകളിലുള്ള ഊഹക്കച്ചവടം കേരളത്തില്‍ ഭൂമിയുടെ വില ഭയങ്കരമായി ഉയര്‍ത്തിയെന്നും സാധാരണക്കാരനോ ഇടത്തരക്കാരനോ വീടിനായി ഒരു സെന്‍റ് ഭൂമി വാങ്ങാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും രജിസ്ട്രേഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ദേശീയപാതക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് പോലും ഇതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലെ വിലയുമായാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഭൂമിയുടെ വിലയെ താരതമ്യം ചെയ്യുന്നത്. അതിനാല്‍ ദേശീയപാത നിര്‍മ്മാണത്തിനായുള്ള സംസ്ഥാന വിഹിതം ഭാരിച്ച തുകയായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേളന്നൂരിൽ പുതുതായി നിർമ്മിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്‍റെ ,പുതിയ കാലം പുതിയ സേവനം കാഴ്ചപ്പാടുമായി രജിസ്ട്രേഷൻ വകുപ്പില്‍ ഏറെ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കും. ഇപെയ്മെന്‍റ് ഇ സ്റ്റാമ്പിംഗ് എന്നീ സൗകര്യങ്ങളിലൂടെ ഓഫീസിൽ പോകാതെ തന്നെ വകുപ്പിന്‍റെ സേവനങ്ങളില്‍ പലതും നിലവിൽ ലഭ്യമാണ്.
അനശ്വരം പദ്ധതിയിലുള്‍പ്പെടുത്തി ആധാരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തും സ്കാന്‍ ചെയ്തും ഭദ്രമായി സൂക്ഷിക്കാനുള്ള പദ്ധതി വകുപ്പ് ആവിഷ്കരിച്ചു വരുന്നു. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആധാരങ്ങളുടെ ഒന്നാം പേജ് ഏതൊരാള്‍ക്കും സൗജന്യമായി വകുപ്പിന്‍റെ വെബ്സൈറ്റ് വഴി കാണാനുള്ള സൗകര്യവും ഇതോടൊപ്പമുണ്ടാകും. ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സ്റ്റാമ്പ് പേപ്പറുകള്‍ ഇ സ്റ്റാമ്പിംഗ് വഴി എളുപ്പത്തില്‍ ചെയ്യാനാകും. വെണ്ടര്‍മാരുടെ തൊഴിലവസരം കണക്കിലെടുത്ത് ലക്ഷത്തില്‍ താഴെയുള്ള പേപ്പറുകളില്‍ പഴയ സ്ഥിതി തുടരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മാറുന്ന സാങ്കേതികവിദ്യ ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ സർക്കാരിന് കഴിഞ്ഞെന്നു ഗതാഗത മന്ത്രി പറഞ്ഞു .
രജിസ്ട്രേഷൻ വകുപ്പിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന 52 ഓഫീസുകളിൽ ഒന്നാണ് ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസ്. ചേളന്നൂർ വില്ലേജിൽ രജിസ്ട്രേഷൻ വകുപ്പിന്റെ 26 സെന്റ് ഭൂമിയിൽ 3500 സ്‌ക്വയർഫീറ്റിലാണ് ആധുനിക സൗകര്യത്തോടുകൂടി കെട്ടിടം പണിയുന്നത്.
കേരള രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ എ അലക്സാണ്ടർ ഐ എ എസ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മേഖലാ മാനേജർ എസ് ദീപു , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു