‘സീ യു സൂണ്‍’, ‘ഇരുള്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോക്ക്ഡൗണില്‍ ഒരുങ്ങുന്ന ഫഹദിന്റെ മൂന്നാമത് ചിത്രം, ‘ജോജി’ ചിത്രീകരണം തുടങ്ങി. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീഷ് പോത്തന് ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ ശ്യാം പുഷ്കരനാണ് തിരക്കഥ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ജോജി’ ഒരുങ്ങുന്നത്. കോട്ടയം എരുമേലിയാണ് ഷൂട്ടിങ് ലൊക്കേഷന്‍.
ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജസ്റ്റിന് വര്‍ഗീസ് സംഗീതമൊരുക്കുന്നു. ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ്ങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഫഹദ് ഫാസിലും, ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സാ’യിരുന്നു ഇവര്‍ ഒരുമിച്ച് നിര്‍മിച്ച ആദ്യ ചിത്രം.
കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്, ഗോകുല്‍ ദാസാണ് പ്രൊഡക്ഷന്‍ ഡിസൈന്‍, മസ്ഹര്‍ ഹംസ കോസ്റ്റ്യൂംസ്, റോണക്സ് സേവ്യര്‍ മേക്കപ്പ്, ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്ട്രോളര്. ഫഹദ്, ജോജു, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര്‍ ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘തങ്കം’ ഏപ്രിലില്‍ ആരംഭിക്കാനിരിക്കെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിങ് മാറ്റിവെക്കുകയായിരുന്നു. ‘ജോജി’ 2021ല്‍ പ്രേക്ഷകരിലേയ്ക്ക് എത്തും.