കോഴിക്കോട് : സ്വന്തം ജീവൻ പോലും അപകടത്തിലാകുമെന്നറിഞ്ഞിട്ടും അത് വക വെക്കാതെ സംസ്ഥാനത്തേക്ക് ആവിശ്യമായ ഭക്ഷ്യ വസ്തുക്കളും മറ്റും കൊണ്ടുവരുവാനായി തയ്യാറെടുത്ത് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറി ഡ്രൈവർമാരുടെ ജീവിതത്തെ കുറിച്ച് നമ്മളും അല്പമെങ്കിലും ഓർത്തിരിക്കേണ്ടതില്ലേ ?
കഴിഞ്ഞ കുറെ ആഴ്ചകൾക്കു മുൻപേ വയനാട്ടിൽ ചരക്കെടുക്കാൻ പോയ ഒരു ട്രക്ക് ഡ്രൈവറിൽ നിന്നും കുടുംബത്തിലും മറ്റുള്ള ഉദ്യോഗസ്ഥർക്കുമെല്ലാം കോവിഡ് ബാധ വ്യാപിച്ച സാഹചര്യം നില നിന്ന സമയത്താണ് യാഥാർത്ഥത്തിൽ ഒരു ഡ്രൈവറുടെ വാർത്ത തന്നെ പുറത്ത് വന്നത്. പക്ഷെ അന്നും അവരുടെ ജീവിതത്തെ കുറിച്ച് ആരും പറഞ്ഞതു കേട്ടില്ല. ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവരും, ചരക്കെടുക്കാൻ അന്യസംസ്ഥാനത്തേക്ക് പോകുന്നവരെ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട സംഭവങ്ങളുമെല്ലാം നവമാധ്യമങ്ങൾ വഴി അറിഞ്ഞതാണ്.
നിലവിൽ അന്യസംസ്ഥാനത്ത് ചരക്കെടുക്കാൻ പോകുന്ന മുഴുവൻ ഡ്രൈവർമാരും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം തുടർന്ന് മാത്രമേ അടുത്ത ലോഡിനുള്ള യാത്രയ്ക്ക് പരിശോധനകൾക്കു ശേഷം അനുമതി ലഭ്യമാകൂ. രോഗം ഏറ്റവും അധികം വ്യാപിക്കുന്ന തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ഇങ്ങോട്ട് കടന്നു വരുമ്പോൾ നിർബന്ധമായും അത് ആവശ്യവുമാണ്. അതേ സമയം ഒരു ലോറി ഡ്രൈവർ ഒരു യാത്രയോടെ പതിനാലു ദിവസം ജോലി ഇല്ലാത്തവനായി മാറും. മരണത്തെ പോലും മുന്നിൽ കണ്ടു കൊണ്ടാണ് ജോലി ചെയ്യുന്നത് എന്നത് തള്ളി കളയാൻ സാധിക്കില്ല. അവർക്ക് കൃത്യമായ സുരക്ഷയും ജീവിത സാഹചര്യവും ഓരുക്കേണ്ടതുണ്ട്. അവരെ ആശ്രയിച്ചു കഴിയുന്ന അവരുടെ കുടുംബത്തെ ഓർക്കേണ്ടതുണ്ട്. ഒരു യാത്രയിൽ ലഭിക്കുന്ന തുക പിന്നീടുള്ള രണ്ടാഴ്ചയ്ക്കു കൂടി നീട്ടി വെക്കേണ്ടതാണ്. പലർക്കും പണിയില്ലാത്തവരും ഈ സാഹചര്യത്തിലുണ്ട്.
വയനാട് ജില്ലയിൽ ഇത്തരം ഡ്രൈവർമാർക്ക് ജില്ലാഭരണകൂടം സർക്കാർ ചിലവിൽ ഹോട്ടലുകളിൽ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്നുണ്ട് അവർക്ക് വീടുമായി ബന്ധപ്പെടാതെ ജോലിക്കു ഇവിടുന്നു തന്നെ പോകാവുന്നതാണ്. വീടുകളിലും സമൂഹത്തിലുമുള്ള രോഗ വ്യാപന സാധ്യത തടയുക എന്നത് തന്നെയാണ് ലക്ഷ്യം. ഇത് നല്ല രീതിയിലുള്ള മാതൃകയാണ്.
കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ലോറികളുളള ഗ്രാമങ്ങളാണ് പതിമംഗലം,പന്തീർപാടം,ചോലക്കരത്താഴം,വെണ്ണക്കാട് തുടങ്ങിയ മേഖലകൾ ഇതിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിലെ ഡ്രൈവർമാരെ ചേർത്തുകൊണ്ട് ഇന്ന് ഒരു യോഗം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിളിച്ചിട്ടുണ്ട്. അവർക്കാവിശ്യമായ കാര്യങ്ങൾ ഈ യോഗത്തിൽ ചർച്ചചെയ്യപ്പെടും. വയനാട് ജില്ലകൾ പോലുള്ള സ്ഥലങ്ങളിൽ നടത്തിയ ജില്ലാ ഭരണകൂട പ്രവർത്തനങ്ങൾ ഇവിടെയും നടപ്പിലാക്കണം . സുരക്ഷയൊരുക്കണം എന്നതാണ് അവരുടെ ആവിശ്യം .