News

അറിയിപ്പുകള്‍

കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ ഹാജരാക്കേണ്ടതില്ല
ജില്ലയില്‍ 1.6 ലക്ഷം രൂപ വരെയുള്ള കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ ഹാജരാക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  തീരുമാനിച്ചു.
കെ.സി.സി കാര്‍ഡുകള്‍ പരമാവധി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഫെബ്രുവരി 24 നകം കാമ്പയിന്‍ രീതിയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണം.മുഴുവന്‍ കൃഷിക്കാരെയും കൃഷി അനുബന്ധ മേഖലകളായ ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലേര്‍പ്പെട്ട മുഴുവന്‍ പേരെയും കെ.സി.സി പരിധിയില്‍ കൊണ്ടുവരും. കൃഷിയ്ക്കും, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, വിളകളുടെ സ്വഭാവം ഇവയുടെ അടിസ്ഥാനത്തിലാണ് കെ.സി.സി ലഭിക്കുന്നത്.
ഇതിനായി സ്ഥലത്തിന്റെ നികുതി രശീതും കൈവശാവകാശ രേഖയുമാണ് കര്‍ഷകര്‍ ബാങ്കില്‍ ഹാജരാക്കേണ്ടത്. കെ.സി.സി ലഭിക്കുന്നതിന് കുറഞ്ഞ ഭൂപരിധി നിശ്ചയിച്ചിട്ടില്ല. വിള പരിപാലനം, അനുബന്ധ പ്രവര്‍ത്തനങ്ങളായ പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, മുയല്‍ പന്നി വളര്‍ത്തല്‍ എന്നിവയ്ക്കാവശ്യമായ പരിപാലന ചെലവുകള്‍ക്ക് വായ്പത്തോത് പ്രകാരം അര്‍ഹമായ തുക കെ.സി.സി യില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ലഭിക്കും.
തൊഴില്‍ സമയം  മാറ്റം
വേനല്‍ക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലില്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുണ്ട്. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24, 25-ലെ വ്യവസ്ഥകള്‍ പ്രകാരം വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം  ഇന്ന് (ഫെബ്രുവരി 13)  മുതല്‍ ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ പി.പി.സന്തോഷ്‌കുമാര്‍ അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12  മണി മുതല്‍ മൂന്ന് മണി വരെ വിശ്രമ വേളയായിരിക്കും.  ഇവരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് മണിവരെയുള്ള സമയത്തിനകം എട്ടുമണിക്കൂറായി നിജപ്പെടുത്തിയതായും  രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിയ്ക്ക് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിച്ചതായും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെയില്‍ ഏല്‍ക്കാതെ ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി നല്‍കണം.  നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ സ്‌ക്വാഡ് രൂപീകരിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജോലി പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ : 0495 – 2370538.

ജനകീയ വൈദ്യൂതി അദാലത്ത് 18 ലേക്ക് മാറ്റി
 വൈദ്യൂതി മന്ത്രി എം.എം മണി ഫെബ്രുവരി 15 ന് ഇംഗ്ലീഷ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടത്താനിരുന്ന ജനകീയ വൈദ്യൂതി അദാലത്ത് ഫെബ്രുവരി 18 ലേക്ക് മാറ്റി. മുന്‍ നിശ്ചയിച്ച സ്ഥലത്ത് രാവിലെ 10 മണിക്ക് അദാലത്ത് നടക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. 

ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം : സിറ്റിങ്  19 ന്
കോഴിക്കോട് കാരന്തൂരിലെ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഫെബ്രുവരി 19 ന് സിറ്റിങ് നടത്തുമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0495 2803455.
ഡി.സി.എ പരിശീലനം
കേരള പി.എസ്.സി അംഗീകരിച്ച ഗവണ്‍മെന്റിന്റെ ഡി.സി.എ, അക്കൗണ്ടിങ്ങ് കോഴ്‌സിലേക്ക്  എസ്എസ്എല്‍സി/പ്ലസ് ടു  കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കും.  സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം ഉറപ്പാക്കാം.  ഫോണ്‍: 0495 2370026.
ധന സഹായത്തിന്  അപേക്ഷിക്കാം
വകുപ്പിന്റെ 2019-20 വര്‍ഷം എന്‍ട്രന്‍സ് പരിശീലനം നേടിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ധന സഹായത്തിന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഫെബ്രുവരി 17 വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്ന് സൗജന്യമായി  ലഭിക്കും. ഫെബ്രുവരി 22 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും.  ഫോണ്‍ : 0495 2771881. 
ട്രെയിനികള്‍ 20 നകം അപേക്ഷിക്കണം 
ജില്ലയില്‍ 110 ാമത് അപ്രന്റീസ്ഷിപ്പ് പരീക്ഷയില്‍ പങ്കെടുക്കുന്ന ട്രെയിനികള്‍ ഫെബ്രുവരി 20 നകം www.apprenticeship.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് വ്യാവസായിക പരിശീലന വകുപ്പ് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. .

അഭയകേന്ദ്ര പരിപാലന കമ്മിറ്റി രൂപീകരണ യോഗം ഇന്ന്
ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കസബ വില്ലേജില്‍ നിര്‍മ്മിക്കുന്ന വിവിധോദേശ്യ  അഭയ കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല സംബന്ധിച്ച് കമ്മിറ്റി രൂപീകരണ യോഗം ഇന്ന് (ഫെബ്രുവരി 13) രാവിലെ 10 മണിയ്ക്ക് കോര്‍പ്പറേഷന്‍ ഓഫീസില്‍ നടത്തും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കസബ വില്ലേജ് ഓഫീസര്‍, കസബ കൗണ്‍സിലര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.   
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച                 കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 15 ന് രാവിലെ 10.30 മണിയ്ക്ക്  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.  മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്/സ്‌ക്രൈബ്, ടെലികോളര്‍, (യോഗ്യത : പ്ലസ്ടു), മെഡിക്കല്‍ കോഡര്‍ (യോഗ്യത :ബി.എസ്.സി), അക്കൗണ്ടന്റ് (ബികോം/എം.കോം/ടാലി/ജി.എസ്.ടി) കൗണ്‍സിലര്‍, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, (യോഗ്യത : ബിരുദം), ഇംഗ്ലീഷ് ട്രെയിനര്‍ (യോഗ്യത : ബി.എ/എം.എ ഇംഗ്ലീഷ്), ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബി.സി.എ/ബി.ടെക്-ഐ.ടി), കസ്റ്റമര്‍ കെയര്‍ (ബി.എസ്.സി കെമിസ്ട്രി/ബോട്ടണി /സുവോളജി), ഓഫീസ് ബോയ് (യോഗ്യത : എസ്.എസ്.എല്‍.സി)  എല്‍.ഐ.സി ഏജന്റ് (യോഗ്യത : എസ്.എസ്.എല്‍.സി)   എന്നിവയിലേക്കാണ് കൂടിക്കാഴ്ച.  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  മതിയായ എണ്ണം  ബയോഡാറ്റ സഹിതം  15 ന്  രാവിലെ 10.30ന് സെന്ററില്‍  ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176.   
ഭൂമി ആവശ്യമുണ്ട്
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തീരദേശത്തു നിന്നും 50 മീറ്ററിനുള്ളില്‍   താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിക്കായി (പുനര്‍ഗേഹം)  കോഴിക്കോട് ജില്ലയിലെ തീരദേശത്തു നിന്നും ഒരു കിലോ മീറ്ററിനുള്ളില്‍ ഭവന  നിര്‍മ്മാണത്തിന് അനുയോജ്യമായ ഭൂമി വില്പനക്ക് തയ്യാറുള്ള വസ്തു ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷിക്കേണ്ട വിലാസം – ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍,  കോഴിക്കോട് – 673005. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383780
താല്‍ക്കാലിക നിയമനം
കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ മറൈന്‍            ആംബുലന്‍സ് സജ്ജമാക്കുന്നതിന്റെ ഭാഗമായി രണ്ട് പാരാമെഡിക്കല്‍                 സ്റ്റാഫുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ജനറല്‍ നഴ്‌സിംഗ് പാസ്സായ ആണ്‍കുട്ടികള്‍ ഫെബ്രുവരി 18 ന്  രാവിലെ 11 മണിക്ക് വെസ്റ്റ്ഹിളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടാഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ നേരിട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം  എത്തണം.  രണ്ട് വര്‍ഷത്തെ കാഷ്വാലിറ്റി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും  ഓഖിദുരന്ത ബാധിത കുടുംബങ്ങളിലുളളവര്‍ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുളളവര്‍ക്കും  മുന്‍ഗണന.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2383780.  
ഐ.എച്ച്.ആര്‍.ഡി : ഫലം പ്രസിദ്ധീകരിച്ചുകേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2019 ഡിസംബറില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് അറിയാം. ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 26 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ഫെബ്രുവരി 29 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.  ജൂണ്‍ 2020-ലെ 2018 സ്‌കിം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷ ഫെബ്രുവരി 16 നകം 200 രൂപ ലേറ്റ് ഫീസോടുകൂടി ഫെബ്രുവരി 18 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന നല്‍കണം. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷ  പരിഗണിക്കുന്നതല്ല.  ആദായമെടുപ്പ് ലേലം
കോഴിക്കോട് ജില്ല സായുധ സേന ക്യാമ്പ് സി.പി.ഒ, ട്രാഫിക്, വനിത പി.എസ് പൂതേരി, ചിന്താവളപ്പ് കോമ്പൗണ്ട് എന്നിവിങ്ങളിലെ ഫല വൃക്ഷങ്ങളില്‍ നിന്നും ആദായമെടുപ്പ് ഇന്ന് (ഫെബ്രുവരി 13) രാവിലെ 11.30 ന് മാലൂര്‍ക്കുന്നിലെ എആര്‍ ക്യാമ്പില്‍ ലേലം ചെയ്യും. സീല്‍ ചെയ്ത ക്വട്ടേഷന്‍ 10 മുതല്‍ 10.45 വരെ സ്വീകരിക്കും. 
ടെണ്ടര്‍ ക്ഷണിച്ചു
ബാലുശ്ശേരി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2019-20 സാമ്പത്തിക വര്‍ഷം 112 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ (അച്ചടിച്ച് വിതരണം ചെയ്യേണ്ടവ ഒഴികെ) വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.   ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് ടെണ്ടര്‍ നല്‍കും. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-270717, 8281999312.  കാര്‍ഷിക വികസന സമിതി യോഗം 19 ന്കാര്‍ഷിക വികസന സമിതി ജില്ലാ കമ്മിറ്റിയുടെ യോഗം ഫെബ്രുവരി 19 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേരും.  ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള  പ്രൊജക്ട് ആയ സ്മാര്‍ട്ട് ക്ലാസ് റൂം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കാവശ്യമായ ഡിഎല്‍പി പ്രൊജക്ടറും (നാല് എണ്ണം) അനുബന്ധ സ്‌ക്രീനും (നാല് എണ്ണം) വിവിധ ബ്രാന്‍ഡുകളില്‍ ഉളളവ വിതരണം ചെയ്യാന്‍ തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ന് ഉച്ച 1.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2620305. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!